ടേബിളിൽ തലപ്പത്ത് കയറാൻ ടോട്ടനാമും ഫ്രാങ്ക്ഫർട്ടും.!
ചാമ്പ്യൻസ് ലീഗിൻ്റെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ടോട്ടെനാം ഹോട്സ്പർ ഇന്ന് ജർമൻ ക്ലബ് ആയ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഇന്ന് ടോട്ടനാമിൻ്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് മത്സരത്തിന് കിക്ക് ഓഫ് ആകും. സ്വന്തം മൈതാനമെന്ന ആനുകൂല്യം അൻ്റോണിയോ കോൻ്റെയ്ക്കും സംഘത്തിനുമുണ്ട്.
പോയിൻ്റ് ടേബിളിൽ ഇരുകൂട്ടരും യഥാക്രമം 2ഉം 3ഉം സ്ഥാനങ്ങളിലാണ്. 4 പോയിൻ്റ് വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ടേബിളിൽ തലപ്പത്തേക്ക് കയറുവാൻ സാധിക്കും. അതുകൊണ്ടുതന്നെ അത്യന്തം വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. സൺ, കെയ്ൻ, റിച്ചാർലിസൺ സഖ്യത്തിലാണ് സ്പർസിൻ്റെ പ്രതീക്ഷകൾ.






































