Foot Ball ISL Top News

പിന്നിൽ നിന്ന ശേഷം വിജയം പൊരുതി നേടി ഒഡീഷ.!

October 11, 2022

author:

പിന്നിൽ നിന്ന ശേഷം വിജയം പൊരുതി നേടി ഒഡീഷ.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ് സിയ്‌ക്ക് തകർപ്പൻ വിജയം. ആദ്യ 10 മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ 2 ഗോൾ വഴങ്ങിയ ടീം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഒഡീഷയെ ഞെട്ടിച്ചു കൊണ്ട് ഡാനിയേൽ ചീമ ജംഷഡ്പൂരിനായി വലകുലുക്കി. ഇതിൻ്റെ നടക്കും വിട്ടുമാറുന്നതിന് മുന്നേ തന്നെ 10ആം മിനിറ്റിൽ ബോറിസ് സിംഗിലൂടെ ജംഷഡ്പൂർ രണ്ടാം ഗോളും സ്വന്തമാക്കി. ഇതോടെ ഒഡീഷയുടെ താളം തെറ്റിയെന്നാണ് മത്സരം വീക്ഷിച്ചവർ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാൽ അവിടെ നിന്നും ഒരു തകർപ്പൻ തിരിച്ചുവരവാണ് ഒഡീഷ നടത്തിയത്.

17ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ കർവിങ് ഷോട്ടിലൂടെ ഡിയെഗോ മൗറീഷ്യോ ഒഡീഷയ്ക്ക് വേണ്ടി ആദ്യ ഗോൾ സ്വന്തമാക്കി. ശേഷം ആദ്യ പകുതി 2-1 എന്ന നിലയിൽ അവസാനിച്ചു. റെഗുലർ ടൈമിൻ്റെ 88ആം മിനിറ്റ് വരെ ഇതേ നിലയിൽ തന്നെയാണ് കളി മുമ്പോട്ട് പോയത്. ജംഷഡ്പൂർ വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷം സബ് ആയി കളത്തിലിറങ്ങിയ ഐസക്കിലൂടെ ഒഡീഷ സമനില പിടിച്ചു. ബോക്സിൻ്റെ വലത് മൂലയിൽ നിന്നും ഒരു വെടിയുണ്ട ഷോട്ടിലൂടെയാണ് ഐസക് സ്കോർ ചെയ്തത്. എന്നാൽ അതുകൊണ്ടും ഒഡീഷ അവസാനിപ്പിച്ചില്ല. ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ തന്നെ മൗറീഷ്യോയിലൂടെ ഒഡീഷ തങ്ങളുടെ വിജയഗോൾ നേടി. രഹനേഷിനെ നിസ്സഹായനാക്കി പോസ്റ്റിൻ്റെ ഇടത്തേ മൂലയിലേക്ക് ഒരു സിമ്പിൾ ഫിനിഷിങ്. ഇതോടെ തൻ്റെ ഇരട്ടഗോൾ നേട്ടം പൂർത്തിയാക്കുവാനും താരത്തിനായി.

അങ്ങനെ ഫുട്ബോളിൻ്റെ എല്ലാ മനോഹാരിതയും നിറഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും മനോഹരമായ ഒരു തിരിച്ചു വരവിലൂടെ ജംഷഡ്പൂരിൽ നിന്നും ഒഡീഷ വിജയം പിടിച്ചു വാങ്ങിയെന്ന് വേണം പറയാൻ. മോശം കാലാവസ്ഥ മൂലം ഒരു മണിക്കൂർ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്.

Leave a comment