ഇഞ്ചുറി ടൈം ത്രില്ലറിൽ എമ്പോളിയ്ക്കെതിരെ മിലാന് തകർപ്പൻ ജയം.!
ഇറ്റാലിയൻ സീരി എയിൽ എസി മിലാന് തകർപ്പൻ വിജയം. എമ്പോളിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ വിജയിച്ചു കയറിയത്. എമ്പോളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3 ഗോളുകളും പിറന്നത് ഇഞ്ചുറി ടൈമിൽ ആയിരുന്നു എന്നത് മത്സരത്തെ വേറിട്ടതാക്കി. ശേഷിച്ച ഗോളും രണ്ടാം പകുതിയിൽ തന്നെയുള്ളത് ആയിരുന്നു. രണ്ടാം പകുതിയുടെ 79ആം മിനിറ്റിലാണ് ആൻ്റെ റെബിച്ചിലൂടെ മിലാൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഒരു ത്രോ ഇൻ വഴിയാണ് ഈ ഗോൾ പിറന്നത്. എമ്പോളി പ്രതിരോധനിര താരങ്ങൾക്കും പിറകിൽ നിന്നിരുന്ന റഫയെൽ ലിയാവോ ത്രോ സ്വീകരിച്ച് അല്പം മുമ്പോട്ട് കയറി പന്ത് റെബിച്ചിന് മറിച്ച് നൽകി. ഒരു അനായാസ ഗോൾ. സ്കോർ 1-0.
അങ്ങനെ കളി 1-0 ന് അവസാനിക്കും എന്ന് കരുതിയ വേളയിൽ ഇഞ്ചുറിടൈമിൻ്റെ 2ആം മിനിറ്റിൽ ഒരു തകർപ്പൻ ഫ്രീകിക്കിലൂടെ ബജ്റാമി എമ്പോളിയെ ഒപ്പമെത്തിച്ചു. എന്നാൽ അവരുടെ ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടടുത്ത മിനിറ്റിൽ ടൗറെയിലൂടെ മിലാൻ തിരിച്ചടിച്ചു. താരത്തിൻ്റെ സീരി എയിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാനം റാഫയെൽ ലിയാവോയിലൂടെ മിലാൻ അവരുടെ പട്ടിക തികച്ചു. ഒരു കൗണ്ടർ അറ്റാക്കിലൂടെ ഒറ്റയ്ക്ക് മുന്നേറിയായിരുന്നു ലിയാവോയുടെ ഗോൾ. ഇതോടെ കളികണ്ടവർക്ക് ഒരു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കാൻ ടീമിനായി.
8 മത്സരങ്ങൾ പൂർത്തിയാക്കിയ മിലാൻ 17 പോയിൻ്റുമായി 3ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങൾ പൂർത്തിയാക്കിയ എമ്പോളി 7 പോയിൻ്റുമായി 14ആം സ്ഥാനത്താണ്.






































