ഗോളടി നിർത്താതെ ലെവ; മയ്യോർക്കയെ വീഴ്ത്തി ബാർസ.!
ലാലിഗയിൽ മയ്യോർക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു കൊണ്ട് ബാർസ ടേബിളിൽ ഒന്നാമത്. മയ്യോർക്കയുടെ മൈതാനമായ ഇബറോസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം റോബർട്ട് ലെവണ്ടോസ്കിയാണ് ബാർസയ്ക്കായി ഗോൾ നേടിയത്. ലാലിഗയിൽ ലെവാ നേടിയ 9ആം ഗോൾ ആയിരുന്നു ഇത്. ഇതോടെ ലാലിഗയിൽ 21ആം നൂറ്റാണ്ടിൽ ഏറ്റവും വേഗത്തിൽ 9 ഗോൾ പൂർത്തീകരിക്കുന്ന താരമാവാൻ ലെവണ്ടോസ്കിക്കായി.
മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് കളിയിലെ ഏകഗോൾ പിറന്നത്. 20 ആം മിനിറ്റിൽ ജോർഡി അൽബയുടെ പാസ്സ് സ്വീകരിച്ച അൻസു ഫാറ്റി ഒരു പ്രതിരോധനിര താരത്തെ വെട്ടിയൊഴിഞ്ഞ് മുമ്പിലേക്ക് ഓടി കയറിയ ലെവണ്ടോസ്കിക്ക് ത്രൂ ബോൾ നൽകി. പന്തുമായി ബോക്സിലേക്ക് കുതിച്ച ലെവ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് ഗോളിക്കും അവസരം നൽകാതെ ഒരു കർവിങ് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഡിജോങ്, ഡിപെയ്, കോണ്ടെ, അരൗഹോ തുടങ്ങിയ പ്രധാന താരങ്ങൾക്ക് പരിക്കേറ്റത് മത്സരത്തിൽ നിഴലിക്കുമെന്ന് കരുതിയെങ്കിലും അതിനെ അതിജീവിക്കുവാൻ ബാർസയ്ക്കായി. കൂടുതൽ അവസരങ്ങൾ തുറന്നെടുത്തെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് കഴിഞ്ഞില്ല. ഗോൾ മുഖത്ത് ടെർ സ്റ്റീഗനും മികച്ച പ്രകടനം പുറത്തെടുത്തു.
ഇതോടെ 7 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റോടെ ഒന്നാം സ്ഥാനത്തേക്ക് എത്തുവാൻ ബാർസയ്ക്കായി. ഒരു മത്സരം കുറച്ചുകളിച്ച റയലാണ് 18 പോയിൻ്റുമായി രണ്ടാമത്. 7 മത്സരങ്ങളിൽ നിന്നും 8 പോയിൻ്റ് നേടിയ മയ്യോർക്ക ടേബിളിൽ 10ആം സ്ഥാനത്താണ്.






































