European Football Foot Ball Top News

സ്പാനിഷ് കോംബോയിൽ സെവിയ്യയെ കീഴടക്കി അത്ലറ്റിക്കോ.!

October 2, 2022

author:

സ്പാനിഷ് കോംബോയിൽ സെവിയ്യയെ കീഴടക്കി അത്ലറ്റിക്കോ.!

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് സെവിയ്യയെയാണ് സിമിയോണിയും സംഘവും കീഴടക്കിയത്. മത്സരത്തിൽ സ്പാനിഷ് താരങ്ങളായ ലോറെൻ്റെയും മൊറാറ്റയുമാണ് ഗോളുകൾ നേടിയത്. കളിയിൽ 61% ബോൾ പൊസിഷൻ ഉണ്ടായിട്ടും ഗോളുകൾ ഒന്നും നേടുവാൻ കഴിയാതെപോയത് സെവിയ്യയ്ക്ക് തിരിച്ചടിയായി. സ്വന്തം തട്ടകം എന്ന ആനുകൂല്യവും അവർക്ക് മുതലെടുക്കാൻ ആയില്ല.

മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മർക്കസ് ലോറെൻ്റെയിലൂടെ ലീഡ് നേടുവാൻ അത്ലറ്റിക്കോയ്ക്കായി. 29 ആം മിനിറ്റിലാണ് ബോക്സിൻ്റെ തൊട്ടകത്ത് നിന്നും മികച്ചൊരു ഷോട്ടിലൂടെ ലോറെൻ്റെ ഗോൾ നേടിയത്. ഈയൊരു ഗോളിൻ്റെ പിൻബലത്തിൽ ആദ്യപകുതി അവസാനിപ്പിക്കുവാൻ മാഡ്രിഡ് ടീമിനായി. ശേഷം രണ്ടാം പകുതിയിൽ മൊറാറ്റയുടെ ഊഴമായിരുന്നു. 57ആം മിനിറ്റിൽ ഒബ്ലക്ക് എടുത്ത ഗോൾ കിക്കാണ് ഗോളിൽ കലാശിച്ചത്. ഒബ്ലക്കിൻ്റെ കിക്ക് ഹെഡ് ചെയ്ത് മൊറാറ്റ കുഞ്ഞയ്ക്കു നൽകി. തിരികെ കുഞ്ഞയുടെ പക്കൽ നിന്നും പന്ത് സ്വീകരിച്ച മൊറാറ്റ മികച്ചൊരു ഫിനിഷിലൂടെ ടീമിൻ്റെ രണ്ടാം ഗോൾ സ്വന്തം പേരിൽ കുറിച്ചു. പിന്നീട് മികച്ച അവസരങ്ങൾ ഇരുകൂട്ടരും തുറന്നെടുത്തെങ്കിലും ഗോളുകൾ ഒന്നും നേടുവാൻ കഴിഞ്ഞില്ല. ഒടുവിൽ 2-0 എന്ന സ്കോറിന് അത്ലറ്റിക്കോ വിജയിച്ചു മടങ്ങി. ഇതോടെ 7 കളികളിൽ നിന്നും 13 പോയിൻ്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറാൻ അത്ലറ്റിക്കോയ്ക്കായി. അത്രയും കളികളിൽ നിന്നും 5 പോയിൻ്റ് മാത്രമുള്ള സെവിയ്യ 16ആം സ്ഥാനത്താണ്.

Leave a comment