ഇൻ്റെറിനെ വീട്ടിൽ കയറിയടിച്ച് റോമ.!
ഇറ്റാലിയൻ സീരി എയിൽ ഇൻ്റർ മിലാനെതിരെ എ.എസ് റോമയ്ക്ക് മിന്നും വിജയം. ഇൻ്ററിൻ്റെ സ്വന്തം മൈതാനമായ സാൻ സിറോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റോമ വിജയിച്ചത്. ആദ്യ പകുതിയിൽ ഡിമാർക്കോയുടെ ഗോളിൽ ലീഡ് എടുത്തതിനു ശേഷമാണ് ഇൻ്റർ തോൽവി വഴങ്ങിയത്.

30 മിനിറ്റിലാണ് ഡിമാർക്കോയുടെ ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ നിക്കോ ബാരെല്ല ബോൾ ഡിമാർക്കോയ്ക്ക് നീട്ടി നൽകുകയായിരുന്നു. വലിയ പവർ ഉള്ള ഷോട്ട് അല്ലായിരുന്നെങ്കിൽ പോലും ഇൻ്റർ ഗോൾകീപ്പറെ കീഴ്പ്പെടുത്താൻ താരത്തിനായി. എന്നാൽ അധികം വൈകാതെ തന്നെ റോമ തിരിച്ചടിച്ചു. 39ആം മിനിറ്റിൽ സ്പിനാസോളയുടെ ഹൈബോൾ ക്രോസ് ഒരു മികച്ച വോളിയിലൂടെ പൗളോ ഡിബാല വലയിലാക്കി. അങ്ങനെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. ശേഷം രണ്ടാം പകുതിയിലാണ് റോമയുടെ വിജയഗോൾ പിറന്നത്. 75ആം മിനിറ്റിൽ പെല്ലെഗ്രിനി എടുത്ത ഫ്രീകിക്ക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ക്രിസ് സ്മാളിങ് ഗോളാക്കുകയായിരുന്നു. അതോടെ മത്സരത്തിന് തീരുമാനമായി. ഇൻ്ററിനെ അവരുടെ തറവാട്ടിൽ കയറിയടിക്കുവാൻ റോമയ്ക്കായി.
8 മത്സരങ്ങൾ പൂർത്തിയാക്കിയ റോമ 16 പോയിൻ്റുമായി 4ആം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുള്ള ഇൻ്റർ 7ആം സ്ഥാനത്താണ്.