അടി.. തിരിച്ചടി.. ലിവർപൂളിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ.!
പ്രീമിയർ ലീഗിലെ അതിവാശിയേറിയ പോരാട്ടത്തിൽ ലിവർപൂളിനെ സമനിലയിൽ കുരുക്കി ബ്രൈറ്റൺ. ലിവർപൂളിൻ്റെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബെൽജിയൻ താരം ലയാൻഡ്രോ ട്രോസാർഡ് ആണ് ബ്രൈറ്റണിനായി 3 ഗോളുകളും നേടിയത്. ലിവർപൂളിന് വേണ്ടി ബ്രസീലിയൻ താരം റോബർട്ടോ ഫെർമിനോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ബ്രൈറ്റൺ ഡിഫൻഡർ ആയ വെബ്സ്റ്ററിൻ്റെ വക സെൽഫ് ഗോൾ ആയിരുന്നു.
ആദ്യ പകുതിയുടെ 4,7 മിനിറ്റുകളിൽ സ്കോർ ചെയ്തുകൊണ്ട് ട്രൊസാർഡ് ആണ് ഗോളടിക്ക് തുടക്കം കുറിച്ചത്. ഈ 2 ഗോളുകളുടെ പിൻബലത്തിൽ 2-0 എന്ന സ്കോറിന് ബ്രൈറ്റൺ ലീഡ് ചെയ്തു. എന്നാൽ 33ആം മിനിറ്റിൽ സലയുടെ പാസിൽ നിന്നും ഫെർമിനോ ലിവർപൂളിനായി ഒരു ഗോൾ മടക്കി. അങ്ങനെ 2-1 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു. ശേഷം രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ ലൂയിസ് ഡയസിൻ്റെ മികച്ചൊരു പാസിൽ നിന്നും അതിലും മികച്ചൊരു ഫിനിഷിംഗിലൂടെ ഫെർമിനോ തൻ്റെയും ടീമിൻ്റെയും രണ്ടാം ഗോൾ സ്വന്തമാക്കി. 9 മിനിറ്റിനു ശേഷം ഒരു കോർണറിൽ നിന്നും ലിവർപൂൾ തങ്ങളുടെ മൂന്നാം ഗോൾ നേടിക്കൊണ്ട് ആരാധകർക്ക് വിജയപ്രതീക്ഷ നൽകി. വെബ്സ്റ്ററിൻ്റെ ദേഹത്ത് തട്ടിയായിരുന്നു പന്ത് വലയിൽ കയറിയത്. എന്നാൽ മികച്ച തിരിച്ചു വരവിലൂടെ 3 പോയിൻ്റ് സ്വപ്നം കണ്ട ലിവർപൂൾ ഫാൻസിന് നിരാശ സമ്മാനിച്ചുകൊണ്ട് 83ആം മിനിറ്റിൽ ട്രൊസാർഡ് ബ്രൈറ്റണെ സമനിലയിലെത്തിച്ചു. ഒപ്പം തൻ്റെ ഹാട്രിക് നേട്ടവും പൂർത്തിയാക്കി. ഇതോടെ ഇരുവരും ഓരോ പോയിൻ്റുകൾ പങ്കിട്ടുകൊണ്ട് മൈതാനം വിട്ടു.
7 കളികളിൽ നിന്നും 4 വിജയവും 2 സമനിലയും ഒരു തോൽവിയുമായി 14 പോയിൻ്റോടെ 4ആം സ്ഥാനത്താണ് ബ്രൈറ്റൺ. അത്രയും കളികളിൽ നിന്നും 2 വിജയവും 4 സമനിലകളും ഒരു തോൽവിയുമായി 10 പോയിൻ്റോടെ 9ആം സ്ഥാനത്താണ് ലിവർപൂൾ.