EPL 2022 European Football Foot Ball Top News

സ്വന്തം മൈതാനത്ത് ടോട്ടനാമിനെ തകർത്തെറിഞ്ഞ് ആഴ്സനൽ.!

October 1, 2022

author:

സ്വന്തം മൈതാനത്ത് ടോട്ടനാമിനെ തകർത്തെറിഞ്ഞ് ആഴ്സനൽ.!

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് അതിഥികളായി എത്തിയ ടോട്ടനാമിനെ തകർത്തുകൊണ്ട് ആഴ്സനൽ പോയിൻ്റ് ടേബിളിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ഗണ്ണേഴ്സ് സ്പർസിനെ തകർത്തു വിട്ടത്. ഒന്നാം പകുതിയുടെ ഇരുപതാം മിനിറ്റിൽ പരിക്ക് മാറി തിരിച്ചെത്തിയ തോമസ് പാർട്ടിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ബോക്സിന് വെളിയിൽ വെച്ച് റൈറ്റ് ബാക്ക് താരമായ ബെൻ വൈറ്റ് നീട്ടിനൽകിയ ബോൾ വന്നവഴി തോമസ് പോസ്റ്റിലേക്ക് തൊടുത്ത് വിടുകയായിരുന്നു. സ്കോർ 1-0. അതിനു ശേഷം 31 ആം മിനിറ്റിൽ ഹാരി കെയ്ൻ ഒരു പെനാൽറ്റി ഗോളിലൂടെ സ്പർസിനെ ഒപ്പമെത്തിച്ചു. പന്തുമായി മുന്നേറിയ റിച്ചാർലിസണിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു സ്പർസിനു അനുകൂലമായി പെനൽറ്റി ലഭിച്ചത്. അതോടെ ആദ്യ പകുതി 1-1 എന്ന സ്കോറിന് അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 4 മിനിറ്റ് ആയപ്പോഴേക്കും ലീഡ് നേടുവാൻ ആഴ്സനലിനായി. 49 ആം മിനിറ്റിൽ സാക തൊടുത്ത ഷോട്ട് ലോറിസ് തടഞ്ഞിട്ടു. ഓടിയെത്തിയ ജീസസ് ഭംഗിയായി പന്ത് വലയിലേക്ക് എത്തിച്ചു. പിന്നീട് 62 ആം മിനിറ്റിൽ മാർട്ടിനെല്ലിയെ ഫൗൾ ചെയ്തതിന് സ്പർസ് വിംഗർ ആയ എമേഴ്‌സൺ റോയലിന് റഫറി ചുവപ്പ് കാർഡ് നൽകി പുറത്തേക്ക് വിട്ടു. അതോടെ ടോട്ടനം 10 പേരായി ചുരുങ്ങി. അധികം വൈകാതെ തന്നെ ഗ്രനിറ്റ് ഷാക്കയിലൂടെ ആഴ്സനൽ മൂന്നാം ഗോളും നേടി. പന്തുമായി ബോക്സിലേക്ക് ഓടി കയറിയ മാർട്ടിനെല്ലിയെ സ്പർസ് ഡിഫൻഡ് ചെയ്യുന്നതിനിടെ പന്ത് ഷാക്ക കൈക്കലാക്കി ബോക്സിലേക്ക് കയറി. ഒരുഗ്രൻ ഷോട്ടിലൂടെ ലോറിസിനെ കീഴ്പ്പെടുത്തി ടീമിൻ്റെ മൂന്നാം ഗോൾ സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് അർട്ടെറ്റയുടെ ചുണക്കുട്ടികൾ പുറത്തെടുത്തത്. ഈയൊരു വിജയത്തോടെ 8 മത്സരങ്ങളിൽ നിന്നും 7 വിജയവുമായി 21 പോയിൻ്റോടെ ടേബിളിലെ ഒന്നാംസ്ഥാനം നിലനിർത്തുവാൻ ഗണ്ണേഴ്സിനായി. തോറ്റെങ്കിലും 8 മത്സരത്തിൽ നിന്നും 17 പോയിൻ്റുമായി ടോട്ടനം മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്.

Leave a comment