നീസിന് പാർക് ഡെസ് പ്രിൻസസിൽ ഗോൾവിരുന്ന് ഒരുക്കാൻ പിഎസ്ജി.!
ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയ്ൻ്റ് ജർമെയ്ൻ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഓ.ജി.സി നീസ് ആണ് എതിരാളികൾ. പിഎസ്ജിയുടെ സ്വന്തം മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും എമ്പപ്പെയും റാമോസുമെല്ലാം മത്സരത്തിന് വേണ്ടി തയ്യാറാണ്. നിലവിൽ മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന MNM സഖ്യത്തിൽ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ ഒക്കെയും. എന്നിരുന്നാലും നീസിനെ നിസാരക്കാരായി കാണുവാൻ കഴിയില്ല. ഏറ്റവും ഒടുവിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് നീസ് ആയിരുന്നു വിജയിച്ചിരുന്നത്.
നിലവിൽ ക്രിസ്റ്റഫെ ഗാൾട്ടിയർക്ക് കീഴിൽ മികച്ച പ്രകടനമാണ് പിഎസ്ജി നടത്തിക്കൊണ്ടിരിക്കുന്നത്. 8 മത്സരങ്ങളിൽ നിന്നും 7 വിജയവും ഒരു സമനിലയുമായി 22 പോയിൻ്റോടെ ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ. 9 മത്സരങ്ങൾ കളിച്ച മാർസെയ്യിയാണ് 23 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത്. ഇന്ന് സമനിലയോ വിജയമോ നേടാൻ ആയാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുവാൻ പിഎസ്ജിയ്ക്ക് സാധിക്കും. എന്തായാലും നിലവിലെ അപരാജിത കുതിപ്പ് തുടരുവാൻ തന്നെയാകും പിഎസ്ജി ശ്രമിക്കുക. നേരെമറിച്ച് നീസിന് മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ പൂർത്തിയാക്കിയ അവർ 10 പോയിൻ്റുമായി 11 ആം സ്ഥാനത്ത് ആണ്. ഇന്നത്തെ മത്സരത്തിൽ ഒരു സമനില എങ്കിലും നേടിയെടുക്കാൻ ആവും അവർ ശ്രമിക്കുക.






































