സൗഹൃദ ഫുട്ബോള്‍ മത്സരം; വിയറ്റ്നാമിനെതിരെ ഇന്ത്യക്ക് തോൽവി
വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്നാം ഇന്ത്യയെ തകര്‍ത്തത്. വിയറ്റ്നാമിനായി ഫാന്‍ വാന്‍ ഡുക്, എന്‍ഗുയെന്‍ വാന്‍ ടോവാന്‍, എന്‍ഗുയെന്‍ വാന്‍ ക്യൂയത്ത് എന്നിവരാണ് വലകുലുക്കിയത്.
മത്സരത്തില്‍ മികച്ച ടീമിനെ അണിനിരത്തിയിട്ടും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ആദ്യ ഇലവനില്‍ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും ഇടം നേടി. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ വാന്‍ ഡുക്കിലൂടെ വിയറ്റ്നാം ലീഡെടുത്തു. കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്.
കോര്‍ണര്‍ കിക്കില്‍ നിന്ന് പന്ത് സ്വീകരിച്ച വാന്‍ ഡുക്ക് മികച്ച ഒരു വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ വിയറ്റ്നാം ഈ ഗോളിന്റെ ബലത്തില്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയറ്റ്നാം വീണ്ടും ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയുടെ 71-ാം മിനിറ്റില്‍ വാന്‍ ക്യൂയത്തിലൂടെ വിയറ്റ്നാം ഗോള്‍നേട്ടം പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ് ജിംഗാന്റെ ഹെഡ് ക്ലിയറന്‍സില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യൂയത്ത് ലക്ഷ്യം കണ്ടു. കഴിഞ്ഞ സൗഹൃദമത്സരത്തില്‍ റാങ്കിങ്ങില്‍ പിറകിലുള്ള സിങ്കപ്പൂരുമായി ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു.






































