ഘാനയെ തകർത്ത് ബ്രസീൽ; റിച്ചാർലിസണിന് ഇരട്ട ഗോൾ.!
ലോകകപ്പിന് മുമ്പുള്ള സൗഹൃദമത്സരത്തിൽ ഘാനയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കി ബ്രസീൽ. ഫ്രാൻസിലെ സ്റ്റേഡ് ഓഷ്യനിൽ നടന്ന മത്സരത്തിൽ റിച്ചാർലിസൺ ബ്രസീലിനായി ഇരട്ടഗോൾ നേടിയപ്പോൾ ശേഷിച്ച ഗോൾ നേടിയത് മാർക്കീഞ്ഞോസ് ആണ്. സൂപ്പർ താരം നെയ്മർ ജൂനിയർ 2 അസിസ്റ്റുകൾ സ്വന്തമാക്കി.

9 ആം മിനിറ്റിൽ റാഫിഞ്ഞയുടെ കോർണറിൽ നിന്ന് മാർക്കീഞ്ഞോസ് ആണ് ബ്രസീലിൻ്റെ ഗോളടിക്ക് തുടക്കമിട്ടത്. പിന്നീട് 28 ആം മിനിറ്റിൽ നെയ്മറിൻ്റെ അസിസ്റ്റിൽ നിന്നും റിച്ചാർലിസൺ ലീഡ് ഇരട്ടിയാക്കി. ശേഷം 40 മിനിറ്റിൽ നെയ്മർ എടുത്ത ഫ്രീകിക്കിനു തല വെച്ച് കൊണ്ട് ടോട്ടനം താരം റിച്ചാർലിസൺ തൻ്റെ ഇരട്ട ഗോളും ബ്രസീലിൻ്റെ 3ആം ഗോളും സ്വന്തമാക്കി. ഇതോടെ തുടർച്ചയായ 14 ആം മത്സരത്തിലും തോൽവി അറിയാതെ മുന്നേറാൻ ടിറ്റേയ്ക്കും സംഘത്തിനും കഴിഞ്ഞു. കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീനയോട് ആണ് ബ്രസീൽ അവസാനമായി പരാജയപ്പെട്ടത്. വരുന്ന 28ആം തീയതി ടുണീഷ്യയ്ക്കെതിരെയാണ് ബ്രസീലിൻ്റെ അടുത്ത മത്സരം.