ഗണ്ണേഴ്‌സിനെ പൊട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തേരോട്ടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ സണ്ടേയിൽ ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിര മൂന്നു ഗോളുകൾക്കാണ് ചെകുത്താൻമാർ ഗണ്ണേഴ്‌സിനെ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുമായി മാർക്കസ് റാഷ്ഫോർഡ് തിളങ്ങിയപ്പോൾ പുതുതായി ടീമിലെത്തിയ ആന്റണിയുടെ വകയായിരുന്നു മറ്റൊരു ഗോൾ.
35-ാം മിനിറ്റിൽ അയാക്സിൽ നിന്നുമെത്തിയ ആന്റണിയാണ് വല ആദ്യം കുലുക്കിയത്. ആദ്യപകുതി ലീഡോടെ അവസാനിപ്പിച്ച യുണൈറ്റഡ് ആദ്യപകുതിയിൽ തിമിർത്താടിയാണ് മൈതാനംവിട്ടത്. എന്നാൽ രണ്ടാം പകുതിയിൽ ആഴ്സണലാണ് കളംനിറഞ്ഞത്. പന്തടക്കത്തിലും പാസിംഗിലും മികവ് കാട്ടിയ ഗണ്ണേഴ്സിന് അതിന്റെ ഫലമായി 60 മിനിറ്റിൽ ബുക്കയോ സാക്കയിലൂടെ സമനില ഗോൾ പിടിക്കാനായി.
എന്നാൽ ആറു മിനിറ്റിന് ശേഷം റാഷ്ഫോർഡ് യുണൈററഡിനെ വീണ്ടും മുന്നിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൌണ്ടർ അറ്റാക്കിംഗിൽ പകച്ചുനിന്ന ആഴ്സണിലെ ഞെട്ടിച്ച് 75-ാം മിനിറ്റിൽ വിജയഗോളും കണ്ടെത്തുകയായിരുന്നു. ജയത്തോടെ 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താനും എറിക് ടെൻ ഹാഗിന്റെ ടീമിനായി.






































