യുണൈറ്റഡിന് ഇന്ന് ലെസ്റ്റർസിറ്റി എതിരാളികൾ.!
പ്രീമിയർലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് നേരിടേണ്ടത് ലെസ്റ്റർ സിറ്റിയേയാണ്. നാളെ പുലർച്ചെ 12.30 ന് ലെസ്റ്ററിൻ്റെ സ്വന്തം മൈതാനമായ കിംഗ്പവർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക. ആദ്യ 2 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ യുണൈറ്റഡ് പിന്നീട് നടന്ന 2 മത്സരങ്ങളിലും വിജയിച്ചു കയറിയിരുന്നു. ഈയൊരു വിജയയാത്ര തുടരുവാൻ തന്നെയാകും ടെൻഹാഗും സംഘവും കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് എത്തുക. അതെ സമയം ലെസ്റ്റർ സിറ്റിയാവട്ടെ ഏതുവിധേനയും ജയിക്കാൻ ഉറച്ചാവും ഇന്ന് ഇറങ്ങുക. കാരണം 4 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ കേവലം ഒരു പോയിൻ്റ് മാത്രമാണ് അവർക്ക് നേടുവാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലെസ്റ്റർ ആഗ്രഹിക്കുന്നില്ല.
ലിസാൻഡ്രോ മാർട്ടിനെസ്, റാഫേൽ വരാനെ എന്നിവരുടെ പ്രതിരോധത്തിലെ ഒത്തിണക്കം ആണ് ടെൻ ഹാഗിന് ആത്മവിശ്വാസം നൽകുന്നത്. അതോടൊപ്പം കാസെമിറോയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. റയലിലെ അതെ കാസിയേ യുണൈറ്റഡിൻ്റെ ചുവന്ന കുപ്പായത്തിലും കാണുവാൻ കഴിഞ്ഞാൽ യുണൈറ്റഡ് ആരാധകർക്ക് അതൊരു ആവേശനിമിഷം തന്നെയാവും സമ്മാനിക്കുക. ഈ മത്സരത്തിലും അവർ തങ്ങളുടെ മികവ് പുറത്തെടുത്താൽ യുണൈറ്റഡിൻ്റെ തിരിച്ചു വരവിന് കൂടിയാവും കിംഗ് പവർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. നേരെ മറിച്ച് ലെസ്റ്റർ ലക്ഷ്യം വെയ്ക്കുന്നത് തങ്ങളുടെ ആദ്യ ജയമാണ്. ഇതുവരെ 3 മത്സരങ്ങളിൽ പരാജയപ്പെട്ട ടീമിന് ആകെയുള്ളത് ഒരു സമനില മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡിന് വലിയ വെല്ലുവിളി തന്നെയാവും ലെസ്റ്റർസിറ്റി ഉയർത്തുക. 4 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി യുണൈറ്റഡ് 12ആം സ്ഥാനത്താണ്. ലെസ്റ്റർ സിറ്റിയാവട്ടെ അത്രയും കളികളിൽ നിന്ന് 1 പോയിൻ്റുമായി അവസാന സ്ഥാനത്തും. എന്തായാലും പഴയ പ്രതാപകാലത്തിലേക്ക് ഉള്ള തിരിച്ചു വരവിന് യുണൈറ്റഡും പോയിൻ്റ് ടേബിളിലെ അവസാന സ്ഥാനത്ത് നിന്നും കരകയറാൻ ലെസ്റ്റർ സിറ്റിയും തുനിഞ്ഞിറങ്ങുമ്പോൾ മികച്ചൊരു മത്സരത്തിനായിരിക്കും കിംഗ്പവർ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക.