വ്ലഹോവിച്ചിൻ്റെ ഫ്രീകിക്ക്, മിലിച്ചിൻ്റെ അരങ്ങേറ്റ ഗോൾ; യുവൻസിന് വിജയം.
ഇറ്റാലിയൻ സീരീ എയിൽ യുവൻ്റസിന് വിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സ്പെസിയയെ ആണ് അവർ തോൽപ്പിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും വ്ലഹോവിച്ച് ഫ്രീകിക്കിലൂടെ ഗോൾ നേടി, കൂടാതെ ഇഞ്ചുറി ടൈമിൽ അരങ്ങേറ്റക്കാരൻ മിലിച്ചും ഗോൾ നേടി എന്നതാണ് മത്സരത്തിൻ്റെ പ്രധാന പ്രത്യേകത.
റോമയ്ക്ക് എതിരെ നടന്ന മത്സരത്തിലും വ്ലഹോവിച്ച് ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു. അതിനോടൊപ്പം ഇന്നത്തെ മത്സരത്തിലും അതെ മികവ് ആവർത്തിച്ചപ്പോൾ എല്ലാവരുടെയും നോട്ടം അയാളുടെ ഇടംകാലിലേക്ക് തന്നെ എത്തിയിട്ടുണ്ടാവും. കളിയുടെ 9ആം മിനിറ്റിലാണ് വ്ലഹോവിച്ചിൻ്റെ മനോഹരമായ ഗോൾ പിറന്നത്. അതിനു ശേഷം ഒരുപാട് ഗോളവസരങ്ങൾ യുവെ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളായി മാറിയില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ മാർസെയിയിൽ നിന്ന് കഴിഞ്ഞ വാരം ടീമിലേക്ക് എത്തിയ മിലിച്ച് ഗോൾ നേടുകയായിരുന്നു. അതോടെ 2-0 എന്ന നിലയിൽ കളി അവസാനിപ്പിക്കുവാൻ യുവൻ്റസിനായി. അരങ്ങേറ്റത്തിൽ തന്നെ ഗോൾ കണ്ടെത്തുവാൻ മിലിച്ചിനും കഴിഞ്ഞു. ഡിമരിയ പരിക്ക് മാറി തിരിച്ചെത്തിയതും യുവൻ്റസിന് ആശ്വാസമായി. 4 കളികളിൽ നിന്നും 8 പോയിൻ്റ് നേടിയ യുവെ ടേബിളിൽ 4ആം സ്ഥാനത്താണ്. സെപ്റ്റംബർ 3 ന് ഫിയോറെൻ്റീനയുമായാണ് യുവൻ്റസിൻ്റെ അടുത്ത മത്സരം.