ഇഞ്ചുറി ടൈം ഗോളിൽ ഇഞ്ചുറിയില്ലാതെ ജയിച്ചു കയറി ലിവർപൂൾ.!
പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ രണ്ടാം വിജയം. സ്വന്തം ഹോം ഗ്രൗണ്ട് ആയ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആണ് ലിവർപൂൾ ജയിച്ചുകയറിയത്. ഇഞ്ചുറി ടീമിൻ്റെ അവസാന നിമിഷമാണ് ന്യൂകാസിലിൻ്റെ കയ്യിൽ നിന്നും ലിവർപൂൾ ജയം പിടിച്ചു വാങ്ങിയത്. ഇല്ലായിരുന്നെങ്കിൽ മറ്റൊരു സമനില കൂടി നേടി ക്ലോപ്പിൻ്റെയും സംഘത്തിൻ്റെയും സമനില തെറ്റിയേനെ.
ആദ്യം ലീഡ് നേടിയത് ന്യൂകാസിൽ ആയിരുന്നു. തങ്ങളുടെ പുതിയ സൈനിംഗ് ആയ അലക്സാണ്ടർ ഇസാക്ക് ആണ് ന്യൂകാസിലിന് വേണ്ടി വലകുലുക്കിയത്. ഇതോടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തുവാൻ താരത്തിനായി. ശേഷം 61ആം മിനിറ്റിൽ റോബർട്ടോ ഫെർമിനോയുടെ ഗോൾ വരുന്നത് വരെ ന്യൂ കാസിലിന് ലീഡ് നിലനിർത്താൻ ആയി. സലയുടെ പാസിൽ നിന്നാണ് മനോഹരമായൊരു ഫിനിഷിംഗിലൂടെ ഫെർമിനോ ഗോൾ നേടിയത്. തുടർന്ന് 1-1 എന്ന സ്കോറിന് അവസാനിക്കും എന്ന് കരുതിയ കളി ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം കഥ മാറി. കോർണറിൽ നിന്ന് വന്ന ബോൾ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ യുവ പോർച്ചുഗീസ് താരം കാർവാലോ അത് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ അവസാന നിമിഷം 3 പോയിൻ്റ് സ്വന്തമാക്കാൻ ലിവർപൂളിനായി. 5 കളികളിൽ നിന്ന് 8 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ. ഇനി വരുന്ന 3ആം തീയതി എവർട്ടണിന് എതിരെയാണ് ക്ലോപ്പിൻ്റെയും സംഘത്തിൻ്റെയും അടുത്ത മത്സരം.






































