ആസ്റ്റൺവില്ലയേയും കീഴടക്കി ആഴ്സനൽ ടേബിളിൻ്റെ തലപ്പത്ത് തന്നെ.!
തുടർച്ചയായ 5ആം മത്സരത്തിലും അർട്ടേറ്റയും സംഘവും വിജയം നേടി. സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺവില്ലയെയാണ് ഗണ്ണേഴ്സ് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ 5ൽ 5ഉം വിജയിച്ച് ടേബിളിൻ്റെ തലപ്പത്ത് തന്നെ നിലയുറപ്പിക്കാൻ ആഴ്സനലിനായി. തങ്ങളുടെ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗബ്രിയേൽ ജീസസും മാർട്ടിനെല്ലിയുമാണ് ആഴ്സനലിനായി ഗോളുകൾ നേടിയത്.
മുപ്പതാം മിനിറ്റിൽ ആണ് ഗണ്ണേഴ്സ് ആദ്യ ഗോൾ നേടിയത്. സ്വിറ്റ്സർലൻഡ് താരം ഷാക്കയുടെ ഷോട്ട് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്നത് ജീസസ് ഗോൾ ആക്കുകയായിരുന്നു. 1-0 എന്ന സ്കോറിന് അങ്ങനെ ആദ്യ പകുതി അവസാനിച്ചു. തുടർന്ന് 74ആം മിനിറ്റിൽ ആണ് അതിമനോഹരമായ ഒളിംപിക്ഗോൾ പിറന്നത്. ഡേവിഡ് ലൂയിസിൻ്റെ കോർണർ കിക്ക് ആഴ്സനലിൻ്റെ ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഈ ഗോളോടെ സമനില പിടിക്കാമെന്ന് വില്ല കരുതിയെങ്കിലും മാർട്ടിനെല്ലിയിലൂടെ അർട്ടേറ്റയും സംഘവും വിജയം പിടിച്ചുവാങ്ങുകയായിരുന്നു. 77ആം മിനിറ്റിൽ ബോക്സിന് ഉള്ളിൽ വെച്ച് സാക ചിപ്പ് ചെയ്ത് നൽകിയ പാസ്സ് മാർട്ടിനെല്ലി ഒറ്റ ടച്ചിൽ ഗോളാക്കി മാറ്റി. ഇതോടെ കളി ആഴ്സനലിൻ്റെ കയ്യിലായി. എന്തായാലും തുടർച്ചയായ അഞ്ചാം വിജയത്തോടെ 15 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് ആണ് ഗണ്ണേഴ്സ്. വരുന്ന സ്പെറ്റമ്പർ 4 ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് ആർസനലിൻ്റെ അടുത്ത മത്സരം.






































