ഹാലണ്ടിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക്; നോട്ടിങ്ങാമിനെതിരെ ആറടിച്ച് സിറ്റി.!
തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടിക്കൊണ്ട് ഏർലിങ് ഹാലണ്ട് പ്രീമിയർ ലീഗിലെ തൻ്റെ തേരോട്ടം തുടരുകയാണ്. ഇന്ന് പുലർച്ചെ 12.30 ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ താരതമ്യേനെ ദുർബലരായ നോട്ടിങ്ങാം ഫോറസ്റ്റിനെയാണ് സിറ്റി എതിരില്ലാത്ത 6 ഗോളുകൾക്ക് തകർത്ത് വിട്ടത്. കളിയിൽ സൂപ്പർ താരം ഹാലണ്ട് ഹാട്രിക്ക് നേടിയപ്പോൾ ജൂലിയൻ അൽവാരസ് ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ആദ്യ ഇലവനിൽ തനിക്ക് സ്ഥാനം നൽകിയ കോച്ചിൻ്റെ തീരുമാനത്തെ ശെരിയാണെന്ന് തെളിയിച്ചു. ശേഷിക്കുന്ന ഗോൾ നേടിയത് ജൊവാവോ ക്യാൻസലോ ആയിരുന്നു. ഗോളുകളുടെ ആറാട്ട് തന്നെയാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ പകുതിയിൽ തന്നെ ഹാലണ്ട് തൻ്റെ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ മിച്ചമുള്ള 3 ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു.

12 ആം മിനിറ്റിൽ ആണ് ഹാലണ്ട് ഗോളടി തുടങ്ങിയത്. ഫിൽ ഫോഡൻ്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. പിന്നീട് 23 ആമത്തെ മിനിറ്റിൽ വീണ്ടും ഫോഡൻ-ഹാലണ്ട് കോംബോ തന്നെയാണ് കാണുവാൻ കഴിഞ്ഞത്. ശേഷം 38 ആം മിനിറ്റിൽ സ്റ്റോൺസിൻ്റെ ഹെഡ്പാസിൽ നിന്നും ഒരു ഹെഡിലൂടെ തന്നെ ഹാലണ്ട് തൻ്റെ ഹാട്രിക് പൂർത്തിയാക്കി. സൂപ്പർ താരത്തിൻ്റെ തുടർച്ചയായ രണ്ടാം ഹാട്രിക് ആയിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിൽ ഗുണ്ടോഗൻ്റെ അസിസ്റ്റിൽ ബോക്സിന് വെളിയിൽ നിന്നും മനോഹരമായൊരു ഷോട്ടിലൂടെ ക്യാൻസലോ സിറ്റിയുടെ നാലാമത്തെ ഗോൾ നേടി. അതിനു ശേഷം അൽവാരസിൻ്റെ ഊഴമായിരുന്നു. 65ആം മിനിറ്റിൽ മാഹ്റസിൻ്റെ പാസിൽ നിന്നും അൽവാരസ് വലകുലുക്കി. ശേഷം 87 ആം മിനിറ്റിൽ മാഹ്റസിൻ്റെ ഷോട്ട് ബ്ലോക്കിൽ തട്ടി തിരിച്ചു വന്നത് പിടിച്ചെടുത്ത് മനോഹരമായൊരു ബുള്ളറ്റ് ഷോട്ടിലൂടെ അൽവാരസ് തൻ്റെ ഇരട്ട ഗോൾ പൂർത്തിയാക്കി. കൂടെ സിറ്റിയുടെ ആറാട്ടും. ഇതോടെ 5 കളികളിൽ നിന്നും 13 പോയിൻ്റോടെ രണ്ടാം സ്ഥാനത്താണ് സിറ്റി. ഇനി സെപ്റ്റംബർ 3 ന് ആസ്റ്റൺ വില്ലയുമായാണ് സിറ്റിയുടെ അടുത്ത മത്സരം നടക്കുക.






































