കെയ്ന്റെ ഇരട്ട ഗോളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ തകർത്ത് ടോട്ടനം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ സിറ്റി ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ടോട്ടനം ഹോട്സ്പർ. ഹാരി കെയ്ന്റെ ഇരട്ട ഗോളാണ് ടീമിന് വിജയമൊരുക്കിയത്.
മികച്ച ഫോം തുടരുന്ന സ്പർസിനെ സ്വന്തം മൈതാനത്ത് പുറത്തെടുത്തത് എന്നതിൽ ആശ്വസിച്ചാണ് ഫോറസ്റ്റ് മൈതാനം വിട്ടത്. കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ ലക്ഷ്യം കാണാൻ ആവാത്തത് അവർക്ക് വിനയായി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ അന്റോണിയോ കോണ്ടെയുടെ ടീം മുന്നിലെത്തിയിരുന്നു. ലീഗ് ഫുട്ബോളിൽ കെയിൻ നേടുന്ന 200 മത്തെ ഗോൾ എന്ന വിശേഷണമാണ് ഈ ഗോളിനുണ്ടായിരുന്നത്.
ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കം തന്നെ ലീഡ് ഉയർത്താനുള്ള സുവർണാവസരം പെനാൽറ്റിയിലൂടെ സ്പർസിന് ലഭിച്ചു. എന്നാൽ ഹാരി കെയ്ൻ എടുത്ത കിക്ക് തടുത്തിട്ട് ഫോറസ്റ്റ് ഗോൾകീപ്പർ ഡീൻ ഹെന്റേഴ്സൺ രക്ഷകനായെത്തി. സീസണിൽ ഇത് രണ്ടാം തവണയാണ് യുണൈറ്റഡിൽ നിന്നും ലോണിലെത്തിയ ഹെന്റേഴ്സൺ പെനാൽറ്റി തടുക്കുന്നത്.
തുടർന്ന് ഫോറസ്റ്റ് മുന്നേറ്റങ്ങൾ കണ്ടെങ്കിലും വലമാത്രം കുലുങ്ങിയില്ല. 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസന്റെ ക്രോസിൽ നിന്നും കെയ്ൻ വിജയഗോൾ കണ്ടെത്തിയതോടെ മൂന്നാം വിജയം കൈക്കലാക്കാൻ ടോട്ടനത്തിന് സാധിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ മൂന്നാമത് എത്താനും സ്പർസിനായി.






































