വരാൻ പോകുന്നത് വൈകാരിക നിമിഷങ്ങൾ; ലെവയും, ഹാലണ്ടും, മരിയയും കളിക്കാൻ ഒരുങ്ങുന്നത് തങ്ങളുടെ മുൻ ക്ലബുകൾക്കെതിരെ.
ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കുറച്ച് സ്പെഷ്യൽ ആകുമെന്ന് ഉറപ്പ്. കാരണം ചില താരങ്ങൾക്ക് വൈകാരിക നിമിഷങ്ങൾ കൂടി സമ്മാനിക്കുന്നതാകും ഈ UCL. കാരണം വേറൊന്നുമല്ല, ലെവണ്ടോസ്കി, ഹാലണ്ട്, ഡി മരിയ എന്നിവർ കളിക്കാൻ ഒരുങ്ങുന്നത് തങ്ങളുടെ പഴയ ക്ലബിനെതിരെയാണ്. ലെവയുടെ ടീം ആയ ബാർസ തൻ്റെ തന്നെ മുൻ ക്ലബ്ബ് ആയ ബയേണിനെയും, സിറ്റി ഹാലണ്ടിൻ്റെ മുൻ ക്ലബ്ബ് ആയ ബൊറൂസിയയെയും, യുവൻ്റസ് മരിയയുടെ മുൻ ക്ലബ്ബ് ആയ പിഎസ്ജിയേയും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മത്സരങ്ങൾ 3 താരങ്ങൾക്കും വൈകാരിക നിമിഷങ്ങൾ കൂടി സമ്മാനിക്കുന്നതാവും.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം ബാർസയും ബയേണും തമ്മിലുള്ളതാകും എന്നുറപ്പ്. കാരണം നമ്മൾ ഇരുടീമുകളും തമ്മിലുള്ള കളി മുമ്പ് പലവട്ടം കണ്ടതാണ്. അതിൽ ബയേണിന് വേണ്ടി ലെവണ്ടോസ്കി ബാർസക്കെതിരെ ഗോളുകളും നേടിയിട്ടുണ്ട്. ഇത്തവണ ലെവ ഇറങ്ങുന്നത് ബാർസ ജേഴ്സിയിൽ ആവുമ്പോൾ തീപാറുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മാത്രമല്ല മുമ്പത്തെ കണക്കുകൾ വീട്ടുവാനുള്ള ഒരു അവസരം കൂടിയാകും ബാർസക്ക് ഇത്. ഈ മത്സരങ്ങളിൽ ലെവണ്ടോസ്കി ഗോളുകൾ കൂടി നേടിയാൽ ഇരട്ടി മധുരമാകും ബാർസക്ക് ലഭിക്കുക. അതോടൊപ്പം ബയേണിൻ്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ച് നടക്കുന്ന എവെ മത്സരം ലെവയെ സമ്പന്ധിച്ചിടത്തോളം ദുഷ്കരമാകും എന്നുള്ളത് ഉറപ്പാണ്. കാരണം താരം ബയേൺ വിട്ടത് നല്ല രൂപത്തിൽ ആയിരുന്നില്ല.. ഇത് ക്ലബ്ബിനെയും ബയേൺ ഫാൻസിനെയും നല്ലവണ്ണം ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ബയേൺ ആഗ്രഹിക്കുന്നില്ല. പകരം വീട്ടാനുറച്ച് ബാർസ കൂടി വരുന്നതോടെ ഫുട്ബോൾലോകം ആവേശത്തിൻ്റെ പരകോടിയിൽ എത്തുമെന്ന് തന്നെ കരുതാം.
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ഹാലണ്ടിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. പല വമ്പന്മാരും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഒടുവിൽ സിറ്റി താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ ഇത്തവണ ഹാലണ്ടിനെ കാത്തിരിക്കുന്നത് ഒരു വൈകാരിക നിമിഷമാണ്. തന്നെ ഇന്നത്തെ ഹാലണ്ട് ആക്കി മാറ്റുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച ടീമാണ് ബൊറൂസിയ. അതെ ക്ലബിനെതിരെ സിറ്റിയുടെ ജേഴ്സിയിൽ താരം ഇറങ്ങുമ്പോൾ ആരാധകരുടെ കൺകുളിർക്കുന്ന നിമിഷങ്ങളാവും കടന്നു പോകുക. അതോടൊപ്പം സിഗ്നൽ ഇഡുന പാർകിൽ എവേ മത്സരം കളിക്കുവാനെത്തുന്ന ഹാലണ്ടിനു പഴയ ഓർമകൾ അയവിറക്കുവാനുള്ള നിമിഷങ്ങൾ കൂടിയാവും വരാനിരിക്കുന്നത്.
ലെവയെയും ഹാലണ്ടിനെയും പോലെ തന്നെയാണ് ഡിമരിയയുടെ കാര്യവും. കരഞ്ഞുകൊണ്ടാണ് താരം പിഎസ്ജി വിട്ടത്. 8 വർഷമാണ് താരം പിഎസ്ജിൽ ചിലവഴിച്ചത്. അതുകൊണ്ടുതന്നെ ക്ലബ്ബ് വിട്ടപ്പോൾ മരിയയ്ക്ക് മാനസികമായും വേദനകൾ സമ്മാനിച്ചിരുന്നു. എന്നാൽ UCL ഗ്രൂപ്പ് ഘട്ടത്തിൽ ഏതാനും മാസങ്ങൾ മുൻപ് വരെ താൻ പന്ത് തട്ടിയ പിഎസ്ജിയെ നേരിടേണ്ടി വരുമ്പോൾ മരിയ ആ നിമിഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം. കൂടാതെ ഇത്രയും നാൾ മരിയയ്ക്ക് വേണ്ടി കയ്യടിച്ച ആരാധകർ അവനെ എതിർടീം ജേഴ്സിയിൽ കാണുമ്പോൾ എന്താവും സംഭവിക്കുക എന്നറിയുവാൻ ഏതൊരു ഫുട്ബോൾ ആരാധകനും ആകാംഷയുണ്ടാകും. എന്തായാലും പിഎസ്ജിയുടെ പഴയ മാലാഖ പാർക് ഡെസ് പ്രിൻസസിൽ വന്നു യുവൻ്റസിന് വേണ്ടി പന്ത് തട്ടുന്ന നിമിഷങ്ങൾക്ക് ആയി നമുക്ക് ആവേശത്തോടെ കാത്തിരിക്കാം.






































