കാർലോസിൻ്റെ പരുക്ക് ഗുരുതരം; വേൾഡ്കപ്പ് വരെ നഷ്ടമായേക്കാം.
ഈ സമ്മർ ജാലകത്തിൽ ആസ്റ്റൺ വില്ല സേവിയ്യയിൽ നിന്നും സ്വന്തം കൂടാരത്തിൽ എത്തിച്ച താരമായിരുന്നു ബ്രസീലിയൻ സെൻ്റർബാക്ക് ആയ ഡിയെഗോ കാർലോസ്. വലിയ പ്രതീക്ഷകളോടെ ടീമിൽ എത്തിച്ച താരമായതുകൊണ്ടുതന്നെ ആദ്യ 2 മത്സരങ്ങളിലും സ്റ്റീവൻ ജെറാർഡ് കാർലോസിനെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നു. എന്നാൽ എവർടനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ താരത്തിന് പരിക്കേൽക്കുകയായിരുന്നു. എന്നാലിപ്പോൾ ഈയൊരു ഇഞ്ചുറിയേപ്പറ്റി കൂടുതൽ വിവരങ്ങൾ ആസ്റ്റൺ വില്ല ഇപ്പൊൾ പുറത്തുവിട്ടിട്ടുണ്ട്. അക്കില്ലസ് ടെൻഡൺ ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്. അതിനാൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അതിന് ശേഷം മാത്രമേ റിക്കവറി ആരംഭിക്കുകയുള്ളൂ.
വേൾഡ്കപ്പിന് ഇനി 3 മാസം മാത്രം ശേഷിക്കെ താരത്തെ പരിക്ക് ബ്രസീൽ ടീം ക്യാംപിനെ കൂടി ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. കാരണം ശക്തമായൊരു സ്ക്വാഡിനെയാണ് ടിറ്റെ വേൾഡ്കപ്പിനായി സജ്ജമാക്കാൻ ഇരുന്നത്. അതുകൊണ്ട് തന്നെ സിൽവ, മാർക്കീഞ്ഞോസ്, മിലിറ്റാവോ എന്നിവർക്കൊപ്പം സെൻ്റർബാക്ക് ആയികൊണ്ട് കാർലോസും ടീമിൽ ഉണ്ടാവുമെന്ന് ഉള്ള കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയ ബ്രസീൽ ടീമിലും കാർലോസ് അംഗമായിരുന്നു. എന്നാലിപ്പോൾ താരം വേൾഡ്കപ്പിൽ ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്തായാലും ഈ വാർത്ത വില്ല ആരാധകരെയും ബ്രസീലിയൻ ആരാധകരെയും ഒരുപോലെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.






































