ലിവർപൂളിനെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്
പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ലിവർപൂളിന് സമനില കുരുക്ക്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് 1-1 എന്ന സ്കോറിന് ചെമ്പടയെ പിടിച്ചുകെട്ടിയത്. പുതിയ സീസണില്‍ ലിവര്‍പൂളിന് ഇതുവരെ വിജയം നേടാനായിട്ടില്ല. പാലസിനായി വില്‍ഫ്രഡ് സാഹയും ലിവര്‍പൂളിനായി ലൂയിസ് ഡയസുമാണ് വല കുലുക്കിയത്.
രണ്ടാം പകുതിയിൽ സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ 32-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹയിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യം മുന്നിലെത്തിയത്. പന്തടക്കത്തിലും ആക്രമണത്തിവും യുർഗൻ ക്ലോപ്പും സംഘവുമാണ് മുന്നിട്ടു നിന്നതെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
57-ാം മിനിറ്റില്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ചെമ്പട പത്തുപേരായി ചുരുങ്ങി. ക്രിസ്റ്റല്‍ പാലസിന്റെ പ്രതിരോധതാരം ജോക്കിം ആന്‍ഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിനാണ് ന്യൂനസിന് ചുവപ്പുകാര്‍ഡ് കിട്ടിയത്. എന്നാൽ കിടിലൻ സോളോ ഗോളിലൂടെ 61-ാം മിനിറ്റിൽ ചെമ്പടയുടെ രക്ഷകനായി ലൂയിസ് ഡയസ് എത്തുകയായിരുന്നു.






































