പ്രീമിയർ ലീഗിൽ ഇന്ന് തീപാറും. ചെൽസി ടോട്ടനാമിനെതിരെ.
പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. കരുത്തരായ ചെൽസിയും ടോട്ടനവും തമ്മിൽ ആണ് പോരാട്ടം. ഇന്ന് വൈകിട്ട് 9 മണിക്ക് ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ വിജയിച്ചു വരുന്നവരാണ് ഇരുവരും. മാത്രമല്ല കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഉൾപ്പെട്ടവർ തന്നെയാണ് 2 ടീമുകളും. കഴിഞ്ഞ സീസണിൽ യഥാക്രമം 3ഉം 4ഉം സ്ഥാനങ്ങളിൽ ആയിരുന്നു ചെൽസിയും ടോട്ടനവും ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുവാനും ഇരുകൂട്ടർക്കും സാധിച്ചിരുന്നു.
റഹീം സ്റ്റെർലിങ്, കുളിബാലി തുടങ്ങിയ പുതിയ സൈനിങ്ങുകൾ ചെൽസിക്ക് പ്രതീക്ഷ നൽകുന്നവയാണ്. ലുകാകു പോയ ഒഴിവിൽ അതിനൊത്ത ഒരു സെൻ്റർ സ്ട്രൈക്കർ ഇല്ലാത്തതാണ് ചെൽസിയുടെ ഒരു പോരായ്മ. എന്നാലും മൗണ്ട്, ഹാവർട്സ്, സ്റ്റെർലിങ് സഖ്യം മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ മത്സരത്തിൽ എവർടണിനെതിരെ ജോർജിഞ്ഞോ നേടിയ ഏക പെനാൽറ്റി ഗോളിലാണ് ചെൽസി ജയിച്ചു കയറിയത്. ആ രീതിയിൽ ആണെങ്കിൽ ഇന്നത്തെ മത്സരത്തിൽ കുറച്ചൊന്നു വിയർക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മറിച്ച് ടോട്ടനം ആകട്ടെ സതാംപ്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ടാണ് എത്തുന്നത്. കുളുസെവ്സ്കി, സൺ, കെയ്ൻ സഖ്യത്തിൻ്റെ ആക്രമണത്തിന് ചെൽസി എങ്ങനെ തടയിടുമെന്ന് കാത്തിരുന്നു കാണണം. മറ്റൊരു രീതിയിൽ നോക്കിയാൽ അൻ്റോണിയോ കോൻ്റെയും തോമസ് ടൂഷേലും തമ്മിലുള്ള പോരാട്ടം കൂടിയാണിത്. എന്തുതന്നെയായാലും അവസാനത്തെ ചിരി ആരുടേത് ആകുമെന്ന് നമുക്ക് കാത്തിരുന്നുകാണാം.






































