റയലിൻ്റെ കിരീട തേരോട്ടത്തിന് മുമ്പിൽ ഫ്രാങ്ക്ഫർടും അടിയറവ് പറഞ്ഞു.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് സൂപ്പർ കപ്പ്. ഇന്ന് വെളുപ്പിന് ഫിൻലൻഡിലെ ഹെൽസിങ്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് കൊണ്ട് കിരീടം ചൂടി. 37ആം മിനിറ്റിൽ ഡേവിഡ് അലാബയും 65ആം മിനിറ്റിൽ കരീം ബെൻസീമയുമാണ് റയലിനായി വല കുലുക്കിയത്. ഇതോടെ കഴിഞ്ഞ സീസണിലെ ലാ ലീഗ, ചാമ്പ്യൻസ് ലീഗ് കിരീട ധാരണങ്ങൾക്ക് പുറമെ ഈ സീസണിലും കിരീടം നേടി സീസൺ ആരംഭിക്കാൻ റയലിന് ആയി. ആഞ്ചെലോട്ടിയുടെ കീഴിൽ തകർപ്പൻ ഫോമിൽ ആണ് റയൽ കളിക്കുന്നത്.. കഴിഞ്ഞ സീസണിൽ നേടിയതിനേക്കാൾ കൂടുതൽ ട്രോഫികൾ ഈ സീസണിൽ നേടുവാൻ കഴിയുമെന്ന് ഏതൊരു റയൽ ആരാധകനും ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണം ആഞ്ചലോട്ടി തന്നെയാണ്.
തങ്ങളുടെ 14ആം ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചതിനു പുറമെ 5ആം സൂപ്പർകപ്പ് നേടി കൂടുതൽ സൂപ്പർ കപ്പുകൾ നേടുന്ന ടീം എന്ന ഖ്യാതി സ്വന്തമാക്കാനും റയലിന് കഴിഞ്ഞു.
കൂടാതെ മറ്റൊരു പ്രത്യേകത കൂടി ഈ മത്സരത്തിന് ഉണ്ടായിരുന്നു. ഓഫ്സൈഡ് കണ്ടെത്തുന്നതിനായി സെമി ആട്ടോമാറ്റെഡ് ടെക്നിക്കൽ സിസ്റ്റം ആദ്യമായി യൂറോപ്യൻ ഫുട്ബോളിൽ ഉപയോഗിച്ച മത്സരം കൂടി ആയിരുന്നു ഇത്.






































