UEFA സൂപ്പർ കപ്പ്; കിരീടം നേടി സീസൺ ആരംഭിക്കാൻ റയലും യൂറോപ്പ ലീഗിലെ മികവ് ആവർത്തിക്കാൻ ഫ്രാങ്ക്ഫെർട്ടും..
യുവേഫയുടെ മേജർ കോമ്പറ്റീഷനുകൾ ആയ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ജേതാക്കൾ തമ്മിൽ പോരടിക്കുന്ന മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30 ന് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബുണ്ടെസ് ലിഗയിലെ കറുത്ത കുതിരകൾ ആയ ഫ്രാങ്ക്ഫെർട്ടും തമ്മിൽ ആണ് മത്സരം. ഫിൻലൻ്റിലെ ഹെൽസിൻകി ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആണ് റയൽ മാഡ്രിഡ്. കഴിഞ്ഞ മെയ് 29 ന് പാരിസിൽ നടന്ന ഫൈനലിൽ പ്രീമിയർലീഗിലെ കരുത്തരായ ലിവർപൂളിനെ മലർത്തിയടിച്ച് കൊണ്ടാണ് റയൽ തങ്ങളുടെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
ലിവർപൂൾ മാത്രമല്ല; PSG, ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാർ എല്ലാവരും തന്നെ റയലിൻ്റെ തേരോട്ടത്തിൽ മുട്ടു മടക്കിയവർ ആണ്.
എന്നാൽ ബാർസേലോണ, ഡോർട്മുണ്ട്, സെവിയ്യ, ലീപ്സിഗ് തുടങ്ങിയ പ്രമുഖ ടീമുകൾ ഉണ്ടായിരുന്നിട്ട് കൂടി എല്ലാവരെയും പിന്തള്ളിക്കൊണ്ട് യൂറോപ്പ ലീഗിൽ തങ്ങളുടെ രണ്ടാം കിരീടം നേടുവാൻ ഫ്രാങ്ക്ഫെട്ടിന് ആയി. ക്വാർട്ടർ ഫൈനലിൽ ബാർസയെ ക്യാമ്പ്നൗവിൽ ചെന്ന് പരാജയപ്പെടുത്തിയതാണ് ഈ ഒരു കിരീടനേട്ടത്തിലെ ഏറ്റവും സുവർണ നിമിഷം.
എന്തുതന്നെയായാലും നാളത്തെ മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് റയലും ഫ്രാങ്ക്ഫെട്ടും നേർക്ക്നേർ വന്നിട്ടുള്ളത്.
1959-60 ലെ ചാമ്പ്യൻസ് ലീഗിലെ ഫൈനലിൽ ആണ് ഇരുവരും തമ്മിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. അന്ന് ഏഴിനെതിരെ മൂന്ന് ഗോളുകൾക്ക് ഫ്രാങ്ക്ഫെർട് പരാജയം ഏറ്റുവാങ്ങി. റയലിൻ്റെ തുടർച്ചയായ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ആയിരുന്നു അത്. പക്ഷെ അതിലൊന്നും ഇവിടെ പ്രസക്തി ഇല്ല. ബാഴ്സ പോലൊരു ടീമിനെ അവരുടെ മൈതാനത്ത് ചെന്ന് അട്ടിമറിക്കാൻ കഴിയുമെങ്കിൽ റയലിനെതിരെ സർവ്വതും മറന്ന് പോരാടാൻ ഫ്രാങ്ക്ഫെട്ടിന് കഴിയുമെന്ന് നമുക്ക് കരുതാം. 4 തവണയാണ് റയൽ ഇതിന് മുമ്പ് സൂപ്പർ കപ്പിൽ മുത്തമിട്ടിട്ടുള്ളത്. ഈ ഒരു ഫൈനലിൽ കൂടി വിജയിക്കാൻ ആയാൽ ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് നേടിയ ടീം എന്ന റെക്കോർഡ് റയലിന് ഊട്ടി ഉറപ്പിക്കുവാൻ കഴിയും. മറിച്ച് ഫ്രാങ്ക്ഫെട്ട് ആണ് വിജയിക്കുന്നത് എങ്കിൽ അവരുടെ കന്നി കിരീടം ആയിരിക്കും അത്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.






































