ഫ്രാൻസിനെ തകർത്ത് വനിതാ യൂറോ കപ്പ് ഫൈനലില്‍ ജർമനിയും, എതിരാളി ഇംഗ്ലണ്ട്
2022 വനിതാ യൂറോ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ജര്‍മനി. സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് ജര്‍മനി കലാശപ്പോരിനുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ജൂലൈ 31 ന് നടത്തുന്ന ഫൈനലിൽ ജര്‍മനി കരുത്തരായ ഇംഗ്ലണ്ടുമായാവും ഏറ്റുമുട്ടുക. ഇരട്ട ഗോള്‍ നേടിയ അലക്‌സാന്‍ഡ്ര പോപ്പാണ് ജര്‍മനിയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരം തുടങ്ങി 40-ാം മിനിറ്റില്‍ അലക്‌സാന്‍ഡ്രയിലൂടെ ജര്‍മനി ലീഡെടുത്തു.
എന്നാല്‍ 44-ാം മിനിറ്റില്‍ മെര്‍ളി ഫ്രോംസ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ജര്‍മനിയ്‌ക്കൊപ്പം പിടിച്ചു. ആദ്യ പകുതിയില്‍ സമനിലയിൽ അവസാനിച്ചതോടെ രണ്ടാം പകുതിയിൽ വാശിയേറിയ മത്സരമാണ് കാണാനായത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ജര്‍മനി 76-ാം മിനിറ്റില്‍ അലക്‌സാന്‍ഡ്രയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്താണ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ കീഴടക്കാന്‍ ജര്‍മനി നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.






































