മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും കിടിലൻ വിജയവുമായി യുണൈറ്റഡ്
തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും കിടിലൻ വിജയം കൈവരിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലീഗിലെ എതിരാളികളായ ക്രിസ്റ്റല്‍ പാലസിനെയാണ് ചുവന്ന ചെകുത്താന്മാര്‍ തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം.
തുടർച്ചയായ മൂന്നാം പ്രീ സീസൺ മത്സരത്തിലും ടീമിന് വിജയിക്കാനായതിന് പുറമെ മൂന്നു കളികളിലും കാഴ്ച്ചവെച്ച ഗംഭീര പ്രകടനമാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് റെഡ് ഡെവിൾസിനായി ഇന്ന് ആന്റണി മാര്‍ഷ്യല്‍, മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവരാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി 17-ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ലീഡെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സ്‌കോര്‍ ചെയ്യാന്‍ മാര്‍ഷ്യലിന് സാധിച്ചത് ടെൻ ഹാഗിന്റെ കീഴിൽ താരത്തിന് ഭാവിയുണ്ടെന്ന വിലയിരുത്തലിലേക്കാണ് വിരൽചൂണ്ടുന്നത്. ആദ്യ പകുതിയില്‍ മാര്‍ഷ്യലിന്റെ ഗോളില്‍ യുണൈറ്റഡ് മുന്നിട്ടുനിന്നതിനു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ യുണൈറ്റഡ് മാർക്കസ് റാഷ്ഫോർഡിലൂടെ ലീഡ് രണ്ടായി ഉയർത്തി.
മികച്ച ടീം ഗെയിമിലൂടെയാണ് ഗോള്‍ പിറന്നത്. 59-ാം മിനിറ്റില്‍ സൂപ്പര്‍താരം ജേഡന്‍ സാഞ്ചോ യുണൈറ്റഡിന്റെ ഗോള്‍നേട്ടം പൂര്‍ത്തിയാക്കി. 74-ാം മിനിറ്റിലാണ് ക്രിസ്റ്റല്‍ പാലസ് ആശ്വാസഗോള്‍ നേടിയത്. മിലിവോയേവിച്ച് എടുത്ത കോര്‍ണര്‍കിക്കിന് കൃത്യമായി തലവെച്ച ജോയല്‍ വാര്‍ഡ് പന്ത് വലയിലെത്തിക്കുകയായിരുന്നു.






































