Foot Ball Top News

ഹോങ്കോങ്ങിനെതിരെ ഛേത്രി പുറത്തിരുന്നേക്കുമെന്ന സൂചനയുമായി പരിശീലയകൻ ഇ​ഗോർ സ്റ്റിമാച്ച്

June 12, 2022

author:

ഹോങ്കോങ്ങിനെതിരെ ഛേത്രി പുറത്തിരുന്നേക്കുമെന്ന സൂചനയുമായി പരിശീലയകൻ ഇ​ഗോർ സ്റ്റിമാച്ച്

ഏഷ്യാ കപ്പ് യോ​ഗ്യതാ റൗണ്ടിൽ ഹോങ്കോങ്ങിനെതിരായ നിർണായക മത്സരത്തിൽ  ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ കളിപ്പിച്ചേക്കില്ലെന്ന സൂചനയുമായി പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് ഇന്ത്യ നേടിയ നാല് ​ഗോളുകളിൽ മൂന്നും ഛേത്രിയുടെ വകയായിരുന്നു.

നായകനില്ലാതെ ടീം ഇന്ത്യ എത്രത്തോളം മികച്ചതാണെന്ന നിഗമനവും ഛേത്രി പുറത്തിരുന്നാൽ അറിയാം. ഒരുപക്ഷെ സുനിൽ ഛേത്രി ഇല്ലാതെയാകും ഈ മത്സരം കളിക്കുക, നമുക്ക് നോക്കാം ഛേത്രിയില്ലാതെ ഈ മത്സരത്തിൽ എന്ത് ചെയ്യാനാകുമെന്ന്, ഛേത്രി തീർച്ചയായും വിശ്രമം അർഹിക്കുന്നുണ്ട്, സ്റ്റിമാച്ച് മത്സര ശേഷം പത്ര സമ്മേളനത്തിലാണ് അഭിപ്രായപ്പെട്ടത്. ​ഗ്രൂപ്പ് ജേതാക്കളാകണമെങ്കിൽ ഹോങ്കോങ്ങിനെതിരായ ഈ മത്സരം ജയിച്ചേപറ്റൂവെന്നതും നിർണായകമാണ്.

ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ അവസാന മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് എതിരാളികൾ എത്തുന്നത്. മിന്നുന്ന ഫോമിലുള്ള ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചാൽ ഇന്ത്യക്ക് ​ഗ്രൂപ്പ് ജേതാക്കളായി ഏഷ്യാ കപ്പിന് യോ​ഗ്യത നേടാം. ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മേൽക്കൈയുണ്ടെങ്കിലും ഹോങ്കോങ്ങിന്റെ സമീപകാലത്തെ തകർപ്പൻ ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏഷ്യാ കപ്പ് യോ​ഗ്യതാറൗണ്ടിൽ അഫ്​ഗാനിസ്ഥാനെ ആവേശപ്പോരിൽ തോൽപ്പിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്തതും വരുന്ന മത്സരത്തിൽ ഗുണമായേക്കും.

Leave a comment