ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിന് ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം
ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെന്നിന്. പുരുഷ വിഭാഗം ഫൈനലില്‍ തായ്‌വാന്റെ ചോ ടിയന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് അക്‌സെല്‍സെന്‍ കിരീടത്തിൽ മുത്തമിട്ടത്. 21-10, 21-12 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് ഫൈനലിൽ ഡെന്മാര്‍ക്ക് താരത്തിന്റെ വിജയം.
സെമിയില്‍ ആന്റണി സിനിസുകയുടെ വെല്ലുവിളി മറികടന്നെത്തിയ വിക്ടര്‍ അക്‌സെല്‍സെന്‍ ഫൈനലിൽ ചോ ടിയന്‍ ചെന്നിനെ വെറും 41 മിനിറ്റ് നീണ്ട ഗെമിലാണ് തകർത്തെറിഞ്ഞത്. അതേസമയം ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ വനിതാ വിഭാഗത്തില്‍ ചൈനയുടെ ചെന്‍ യുഫെയ് കിരീടം നേടി.
ഫൈനലില്‍ തായ്‌ലന്‍ഡിന്റെ രത്ചനോക് ഇന്റനോണിനെ മറികടന്നാണ് യുഫെയ് കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-16, 18-21, 21-15. 2020 ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം യുഫെയ് നേടുന്ന ആദ്യ കിരീടമാണിത് എന്ന പ്രത്യേകതയുമുണ്ട്.