ഇതിഹാസം റോജർ ഫെഡറർ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നു
കാല്‍മുട്ടിനേറ്റ പരിക്കുമൂലം ദീര്‍ഘനാളായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിരുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ കോർട്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്ത സീസണില്‍ മത്സരിക്കുമെന്ന് സ്വിറ്റസര്‍ലന്‍ഡ് ദിനപ്പത്രമായ ടാഗെസാന്സെയ്ഗറിൽ റിപ്പോർട്ട് വന്നതോടെയാണ് ടെന്നീസ് ലോകത്തെ സന്തോഷപ്പെടുത്തുന്ന വാർത്ത പുറത്തുവരുന്നത്.
കഴിഞ്ഞ 18 മാസത്തിനിടെ മൂന്ന് തവണയാണ് ഫെഡറര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സെപ്റ്റംബര്‍ 23 ന് ആരംഭിക്കുന്ന ലേവര്‍ കപ്പിലൂടെ തിരിച്ചുവരാനാണ് ഫെഡറര്‍ ശ്രമിക്കുന്നത്. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട ഇതിഹാസ താരം അടുത്ത സീസണിലെ എടിപി ടൂര്‍ണമെന്റിലൂടെയാകും ആദ്യം പങ്കെടുക്കുക.
ഈ വരുന്ന ഓഗസ്റ്റില്‍ ഫെഡറര്‍ക്ക് 41 വയസ് തികയുമെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. അഞ്ചോ ആറോ ആഴ്ചകൊണ്ട് പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാകാന്‍ സാധിക്കുമെന്ന് ഫെഡറര്‍ പറഞ്ഞു.