ഡല്‍ഹിയെ എറിഞ്ഞൊതുക്കി പഞ്ചാബ്, വിജയലക്ഷ്യം 160 റൺസ്
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ 160 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്തിനും സംഘത്തിനും 48 പന്തില്‍ 63 റൺസെടുത്ത മിച്ചൽ മാര്‍ഷിന്റെയും 16 പന്തില്‍ 32 റൺസടിച്ച സര്‍ഫറാസ് ഖാനിന്റെയും ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ആദ്യ പന്തിൽ തന്നെ സ്റ്റാർ ബാറ്റ്സാൻ ഡേവിഡ് വാർണറിനെ നഷ്ടപ്പെട്ട് തിരിച്ചടിയോടെയാണ് ക്യാപിറ്റൽ തുടങ്ങിയതു തന്നെ. രണ്ടാം വിക്കറ്റിൽ മാര്‍ഷും സര്‍ഫറാസും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയെങ്കിലും അഞ്ചാം ഓവറിൽ സര്‍ഫറാസും കൂടാരം കയറി. പിന്നാലെ വിക്കറ്റുകൾ വീണെങ്കിലും 19-ാം ഓവർ വരെ മാർഷ് പിടിച്ചു നിന്നു.
ലളിത് യാദവ് (24) റിഷഭ് പന്ത് (7) റൊവ്മൻ പവൽ (2), എന്നിവരും പുറത്തായതോടെ ഉയർന്ന സ്കോർ നേടാമെന്ന മോഹം ഇല്ലാതായി. 17 റൺസെടുത്ത് അക്സർ പട്ടേലാണ് അവസാനം വരെ പിടിച്ചു നിന്നത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്സ്റ്റാണ് ഡര്‍ഹിയെ തകര്‍ത്തത്.






































