തുടർച്ചയായ അഞ്ചാം തോൽവിയുമായി ഹൈദരാബാദ്, കൊല്‍ക്കത്തയുടെ വിജയം 54 റണ്‍സിന്
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബിദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 54 റണ്‍സിന്റെ വിജയം. തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവി വഴങ്ങിയ കെയ്ൻ വില്യംസണിന്റെയും സംഘത്തിന്റെയും പ്ലേഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചുവെന്ന് പറയാം.
കെകെആർ ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആന്ദ്രെ റസലിന്റെ ഓള് റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് അനായാസ വിജയം ഒരുക്കികൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിരയിൽ അഭിഷേക് ശർമ (43), എയ്ഡൻ മാക്രം (32), എന്നിവർ മാത്രമാണ് പൊരുതിയത്. കെകെആറിനായി റസൽ മൂന്നു വിക്കറ്റ് എടുത്തപ്പോൾ ടിം സൌത്തി രണ്ട്, ഉമേഷ് യാദവ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ 12 പോയിന്റുമായി പ്ലേഓഫ് പ്രതീക്ഷ നിലനിർത്താനും ശ്രേയസ് അയ്യർക്കും സംഘത്തിനുമായി.






































