ഐപിഎല്ലിൽ ഇന്ന് നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും മുഖാമുഖം
ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും മുഖാമുഖം. പ്ലേഓഫിലെത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായ അഗ്നിപരീക്ഷയ്ക്കാണ് രാത്രി ഏഴരയ്ക്ക് പൂനെ സാക്ഷ്യംവഹിക്കുക. പതിനഞ്ചാം സീസണിലെ മികച്ച തുടക്കത്തിനു ശേഷം തുടരെയുള്ള നാല് തോൽവികളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.
ബാറ്റിംഗ് പ്രകടനത്തിലെ ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം എന്നിവരെല്ലാം ബാറ്റിംഗിൽ മികവ് പുലർത്തുന്നുണ്ട്. എന്നാൽ ബോളിംഗാണ് സണ്‍റൈസേഴ്സിന്റെ തലവേദന. ടി നടരാജനും വാഷിംഗ്ടൺ സുന്ദറിനും പരിക്കേറ്റതും ഉമ്രാൻ മാലിക്കിന്റെ ഫോമില്ലായ്മയുമാണ് ഓറഞ്ച് പടയെ തളർത്തുന്നത്.
ബോളർമാർ ആവശ്യത്തിലധികം അടിവാങ്ങുന്നതിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൊൽക്കത്തയ്ക്ക് എതിരെ ഇന്നും തോൽവി തന്നെയാകും ഫലം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കൊൽക്കത്തയ്ക്ക് സ്ഥിരതയില്ലാതെ പോയതാണ് തിരിച്ചടിയായത്. എന്നാൽ പോയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി വരുന്നതിനാൽ കെകെആറിന് ആത്മവിശ്വസ കുറവൊന്നുമില്ല.
വെങ്കിടേഷ് അയ്യർ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാകും. എന്നാൽ പരിക്കേറ്റ പാറ്റ് കമ്മിൻസ് കളിക്കില്ല. . 12 കളിയിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം നിർണായകമാവും.