വിൻഡീസ് പരമ്പരയിൽ നിന്നും വിട്ടുനിൽക്കാൻ ബംഗ്ലാദേശ് സ്പിൻ ബോളിംഗ് പരിശീലകൻ രംഗന ഹെറാത്ത്
ബംഗ്ലാദേശ് സ്പിൻ ബോളിംഗ് പരിശീലകനും മുൻ ശ്രീലങ്കൻ താരവുമായ രംഗന ഹെറാത്ത് വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സ്ഥിരീകരണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് വരുന്ന പരമ്പരയിൽ നിന്നും താരം വിട്ടുനിൽക്കുന്നത്.
ജൂൺ ആറിനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിലേക്ക് പുറപ്പെടുക. അവിടെ രണ്ട് ടെസ്റ്റുകൾ, മൂന്ന് ഏകദിനങ്ങൾ, മൂന്ന് ടി20 മത്സരങ്ങൾ എന്നിവയടങ്ങിയ പരമ്പരയാണ് നടക്കാനൊരുങ്ങുന്നത്.
രംഗന ഹെറാത്ത് വിൻഡീസ് പരമ്പരയിൽ ടീമിന്റെ ഭാഗമാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ടീം ഡയറക്ടർ ഖാലിദ് മഹ്മൂദാണ് സ്ഥിരീകരിച്ചത്. ഹെറാത്തിന് പകരം ആരെയെങ്കിലും പര്യടനത്തിലേക്ക് തെരഞ്ഞെടുക്കാൻ ബോർഡ് ബദൽ മാർഗങ്ങൾ കണ്ടെത്തുകയാണ്. ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് മുൻതാരം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് എന്നതും ശ്രദ്ധേയമാണ്.
പോയ സിംബാബ്‌വെ പര്യടനത്തിനിടെയാണ് 44 കാരനായ ഹെറാത്ത് ബംഗ്ലാദേശ് സ്പിൻ ബോളിംഗ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന 2022 പുരുഷ ടി20 ലോകകപ്പ് വരെ ബോർഡ് മുൻതാരവുമായുള്ള കരാറും നീട്ടിയിരുന്നു.
ജൂൺ 16 ന് ആന്റിഗ്വയിൽ നടക്കുന്ന ആദ്യ ടെസ്റ്റോടെയാണ് ബംഗ്ലാദേശ്-വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റ് മത്സരം ജൂൺ 24 ന് സെന്റ് ലൂസിയയിൽ നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങൾ ജൂലൈ രണ്ടു മുതൽ ആരംഭിക്കും അവസാന ടി20 ജൂലൈ ഏഴിന് ഗയാനയിലാണ് നടക്കുക. ജൂലൈ 10 ന് ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് ശേഷം പര്യടനം അവസാനിക്കും. .