പ്ലേഓഫ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യൻസ് കൊൽക്കത്തയുടെ പ്രതീക്ഷകളും അവസാനിപ്പിക്കാൻ ഇന്നിറങ്ങുന്നു
ഐപിഎല്ലിൽ ഇന്ന് നഷ്ടമാകാനൊന്നുമില്ലാത്ത മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങുന്നു. മികച്ച തുടക്കത്തിനു ശേഷം പാടെ നിറംമങ്ങിയ കെകെആറിന് പ്ലേഓഫ് സാധ്യതകൾ വിദൂരത്തിലെങ്കിലും നിലനിർത്താൻ ഒരു ജയമെങ്കിലും അത്യാവിശ്യമാണ്.
സീസണില്‍ രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് വന്‍ നാണക്കേട് ഒഴിവാക്കുവാൻ മൂന്നാം ജയം ഇന്ന് അനിവാര്യമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചതിനാൽ ജയങ്ങളുമായി സീസണ് അവസാനിപ്പിക്കുകയാണ് മുംബൈക്ക് മുന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റ്സ്മാൻമാരും ബോളർമാരും മിന്നും പ്രകടനം കാഴ്ച്ചവെച്ചതാണ് ഇന്നത്തെ കളിയിൽ രോഹിത് ശർമയ്ക്ക് ആശ്വസിക്കാനാവുന്നത്. എന്നാൽ പൊള്ളാര്‍ഡിന്റെ ഫോമില്ലായ്മ ടീമിനെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മറുവശത്ത് കൊൽക്കത്തയ്ക്ക് മികച്ച ടീമുണ്ടെങ്കിലും ആർക്കും കാര്യമായി തിളങ്ങാനാവത്തതാണ് തോൽവികൾക്ക് കാരണമായത്. നാല് ജയങ്ങളുമായി മുംബൈയുടെ തൊട്ടുമുകളിലാണ് കെകെആറിന്റെ സ്ഥാനം. അവസാന അഞ്ചു മത്സരങ്ങളിൽ നിന്നും വെറും ഒരു ജയം മാത്രമാണ് ശ്രേയസ് അയ്യരുടെ ടീമിന് നേടാനായത്.വൈകിട്ട് ഏഴരയ്ക്ക് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.






































