ഫിനിഷർ റോളിൽ തിളങ്ങുന്ന തെവാഹ്..ട്ടിയ! ബാംഗ്ലൂരിനെതിരെ കിടിലൻ ജയവുമായി ഗുജറാത്ത്
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആറുവിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബി ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം ഗുജറാത്ത് നാലു വിക്കറ്റ് നഷ്‌ടത്തിൽ മൂന്നു ബോൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.
എന്നത്തേയും പോലെ തന്നെ ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (31)- വൃദ്ധിമാന്‍ സാഹ (29) സഖ്യം കൂട്ടിച്ചേർത്തത്. വിക്കറ്റു പോവാതെ 51 റൺസെന്ന നിലയിൽ നിന്നും 95-4 എന്ന സ്കോറിലേക്ക് വീണ ടൈറ്റൻസിനെ കൈപിടിച്ച് ഉയർത്തിയത് 29 പന്തില്‍ 34 റൺസെടുത്ത ഡേവിഡ് മില്ലറും, 25 പന്തില്‍ 43 റൺസെടുത്ത രാഹുല്‍ തെവാട്ടിയയുമാണ്. ഇരുവരുമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചതും.
ആദ്യ വിക്കറ്റിനു ശേഷം ക്രീസിലെത്തിയ സുദര്‍ശനന്‍ (20), ഹാര്‍ദിക് പാണ്ഡ്യ (3) എന്നിവർക്ക് തിളങ്ങാനിയില്ലെങ്കിലും ഫിനിഷർ റോളിൽ തിളങ്ങുന്ന തെവാട്ടിയയാണ് ഇന്നും ഗുജറാത്ത് ടൈറ്റൻസിന് രക്ഷകനായത്. അവസാന രണ്ട് ഓവറില്‍ 19 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതിലേക്ക് അനായാസമാണ് മില്ലറും തെവാട്ടിയയും നീങ്ങിയത്. ആർസിബിയുടെ ബോളിംഗ് നിര ദുർബലമായതാണെന്ന് ഈ മത്സരത്തോടെ ഏവർക്കും മനസിലാകുന്ന പ്രകടനമായിരുന്നു ഇന്നത്തേത്.
ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റുമായി ഗുജറാത്ത് ഒന്നാമത് തുടരുന്നു. 10 മത്സരങ്ങളില്‍ അഞ്ച് വീതം തോല്‍വിയും ജയവുമുള്ള ബാംഗ്ലൂര്‍ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.






































