ഇന്ന് ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം
ഐപിഎല്ലിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ട ആർസിബിക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ജയിച്ചേ മതിയാവൂ. മറുവശത്ത് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടൈൻസ് അപാര ഫോമിലാണ്.
പോയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ബാറ്റിംഗിലും ബോളിംഗിലും നിരാശപ്പെടുത്തിയാണ് ബാംഗ്ലൂർ മടങ്ങിയത്. അതിനെല്ലാം ഇന്ന് ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. വിരാട് കോലിയുടെ ഫോമാണ് ടീമിന്റെ ഏറ്റവും വലിയ തലവേദന. കൂടാതെ നായകൻ ഫാഫ് ഡുപ്ലെസിയും ബാറ്റിംഗിൽ നിരാശപ്പെടുത്തുകയാണ്.
ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, വാനിന്ദു ഹസരംഗ, ഷഹബാസ് അഹ്മദ് എന്നീ താരനിരയുണ്ടെങ്കിലും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാൻ കാർത്തിക്കിന് മാത്രമാണ് ഇതുവരെ സാധിച്ചിട്ടുള്ളത്. ബോളിംഗിലാവട്ടെ മുഹമ്മദ് സിറാജ്, ജോഷ് ഹെസിൽവുഡ്, പർഷൽ പട്ടേൽ എന്നിവരെല്ലാം പരാജയമാണ്. ഇന്ന് ഇതിനെല്ലാം മറുപടി കണ്ടെത്തിയില്ലെങ്കിൽ തുചർച്ചയായ മൂന്നാം തോൽവിയായിരിക്കും ഫലം.
മറുവശത്ത് ഈ സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. പോയ മത്സരത്തിൽ ഹൈദരാബാദിനെതിരെ കൈവിട്ട മത്സരം വാലറ്റക്കാരുടെ അസാമാന്യ പ്രകടനത്തിലൂടെ കൈപ്പിടിലാക്കിയ ആത്മവിശ്വാസത്തിലാണ് ആർസിബിക്കെതിരെ ടൈറ്റൻസ് ഇറങ്ങുക. ബാറ്റിംഗിൽ വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ എന്നീ വെടിക്കെട്ട് വീരൻമാരാണ് അണിനിരക്കുന്നത്.
ബോളിംഗിൽ റാഷിദ് ഖാൻ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ എന്നീ പരിചയ സമ്പന്നരും കൂടി ഒത്തുചേരുന്നതോടെ ഗുജറാത്ത് സമർഥമായി കളിക്കും. വൈകിട്ട് 3.30നാണ് മത്സരം.






































