അടുത്ത സീസണിൽ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിൽ കളിക്കും
ചെൽസിയുടെ സൂപ്പർ പ്രതിരോധ താരമായ അന്റോണിയോ റൂഡിഗറുമായി വാക്കാൽ ധാരണയായി സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റൂഡിഗറും മാഡ്രിഡും തമ്മിൽ നാല് വർഷത്തെ കരാറിലായിരിക്കും ഒപ്പുവെക്കുക.
ഈ സീസൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫറിലായിരിക്കും ജർമൻ താരം റയലിലേക്ക് എത്തുക. പിഎസ്‌ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകളും താരത്തിനായി രംഗത്തെത്തിയിരുന്നെങ്കിലും റൂഡിഗർ റയലിലേക്ക് മാറാനാണ് സന്നദ്ധമായത്.
റോമൻ അബ്രാമോവിച്ചിന് പ്രഖ്യാപിച്ച ഉപരോധം കാരണം ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് താൻ ക്ലബ് വിടാൻ പോകുകയാണെന്ന് റൂഡിഗർ ചെൽസി പരിശീലകൻ തോമസ് ടുച്ചലിനോടും ക്ലബിനോടും ഇതിനകം വ്യക്തമാക്കിയിരുന്നു. സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ താൻ ക്ലബ് വിടുമെന്ന് റൂഡിഗർ ചെൽസിയോട് പറഞ്ഞതായി മാനേജർ തോമസ് തുച്ചൽ ഞായറാഴ്ച്ച സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഉക്രെയ്‌നിലെ യുദ്ധം കാരണം ക്ലബിന്റെ റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിന്മേൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് കളിക്കാർക്ക് പുതിയ കരാറുകൾ നൽകാൻ ചെൽസിക്ക് ഇപ്പോൾ കഴിയുന്നില്ല ചെൽസി നിലവിൽ ഒരു പ്രത്യേക ലൈസൻസിന് കീഴിലാണ് പ്രവർത്തിക്കുന്നത്.






































