Cricket IPL Top News

നാടകാന്ത്യം റോയൽസ് !!!

April 23, 2022

author:

നാടകാന്ത്യം റോയൽസ് !!!

മുപ്പത്തിനാലാം IPL മത്സരത്തിലെ അവസാന ഓവറിൽ അരങ്ങേറിയ ഒരുപിടി നാടകങ്ങൾക്കൊടുവിൽ രാജസ്ഥാൻ റോയൽസിന് 15 റൺസിന്റെ ആശ്വാസ ജയം.അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസാണ്.ക്രീസിൽ നിൽക്കുന്നത് റോവൻ പവൽ എന്ന വെസ്റ്റിന്ത്യൻ കാളക്കൂറ്റൻ .പന്തെറിഞ്ഞതാവട്ടെ മറ്റൊരു വെസ്റ്റിന്ത്യൻ ആയ ഒബേദ് മക്കോയി .ആദ്യ രണ്ട് പന്തുകളും നിലംതൊടാതെ ഗാലറിയിലേക്ക് പറന്നു .മൂന്നാം പന്താണ് ഏറെ നാടകങ്ങൾക്ക് അരങ്ങൊരുക്കിയത്.മൂന്നാം പന്ത് പവലിൻറെ അരയ്ക്കു മുകളിൽ വന്ന ഫുൾട്ടോസ് ആയിരുന്നു.

പൊതുവേ ഈ ഐപിഎൽ ടൂർണ്ണമെൻറിൽ കണ്ണിന്അൽപ്പം കാഴ്ചക്കുറവും,ചെവിക്ക് കേൾവിക്കുറവും ഉണ്ടെന്ന് തെളിയിച്ച അമ്പയർമാർ പക്ഷേ അത് കണ്ടില്ല. ഷുഭിതനായ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് തൻറെ  ബാറ്റർമാരെ തിരിച്ചു വിളിക്കുന്നത് കാണാമായിരുന്നു.പന്തിന്റെ ഈ കാര്യഗൗരവം മനസ്സിലാക്കാതെയുള്ള പെരുമാറ്റം, അച്ചടക്ക നടപടി വിളിച്ചു വരുത്താൻ സാധ്യതയുണ്ട്.ഈ നാടകത്തോടു കൂടി കളിയുടെ ഗതി രാജസ്ഥാൻ റോയൽസിന് അനുകൂലമായി മാറി.തൻറെ മൊമെന്റം നഷ്ടമായ പവലിന് പിന്നീടുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല.ഒടുവിൽ ഒരുവേള കൈവിട്ടു പോയേക്കാം  എന്ന് തോന്നിച്ചിടത്തുനിന്നും മത്സരം തിരികെ പിടിച്ച ആശ്വാസത്തിൽ സഞ്ജുവും കൂട്ടരും ഡഗൗട്ടിലേക്ക് മടങ്ങി.നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.താൻ തൻറെതായ ഒരു ലീഗിലാണ് കളിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വീണ്ടും ബാറ്റ് വീശിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാന് മികച്ച  സ്കോർ സമ്മാനിച്ചത്.ഈ സീസണിലെ തൻറെ മൂന്നാം സെഞ്ചുറി കണ്ടെത്തിയ ബട്ട്ലർ  പുറത്താകുമ്പോൾ 65 പന്തിൽ നിന്നും 116 റൺസ് ആണ് കുറിച്ചത്.മലയാളിതാരം ദേവദത്ത് പടിക്കലും ഉജ്വല പിന്തുണയാണ് ബട്ലർക്ക് നൽകിയത്.ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 155 റൺസാണ് കൂട്ടിച്ചേർത്തത് ,ഈ ഓപ്പണിങ് കൂട്ടുകെട്ടാണ് രാജസ്ഥാന് മികച്ചൊരു ടോട്ടലിനുള്ള അടിത്തറ പാകിയത്.

ഡൽഹി ബൗളർമാരിൽ ഏറെ തല്ലു വാങ്ങിക്കൂട്ടിയത് കുൽദീപ് യാദവാണ്.മൂന്നോവറിൽ 40 റൺസാണ് രാജസ്ഥാൻ ബാറ്റർമാർ കുൽദീപിൽ നിന്നും അടിച്ചെടുത്തത്.മറ്റൊരു മലയാളി താരം സഞ്ജു സാംസൺ തൻറെ ഔട്ടിംഗ് മോശമാക്കിയില്ല.19 പന്തിൽ 46 റൺസ്.നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് രാജസ്ഥാൻ സ്കോർ ചെയ്തത്.ഈ ടൂർണമെൻറ് ലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടരാൻ ഇറങ്ങിയ ഡൽഹിയുടെ തുടക്കം അത്ര മോശമായില്ല.പക്ഷെ റൺറേറ്റ് നിലനിർത്താൻ ശ്രമിച്ചപ്പോൾ കൃത്യമായ ഇടവേളകളിൽ ഡൽഹിക്ക് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു.24 പന്തിൽ നിന്നും 44 റൺസ് നേടിയ ക്യാപ്റ്റൻ പന്തിന്റെ പുറത്താകലാണ് കളി രാജസ്ഥാൻറെ വരുതിയിൽ ആക്കിയത്.അവസാന ഓവറുകളിലേക്ക് കളി നീങ്ങിയപ്പോൾ  ജയം  ഏതാണ്ട് പൂർണമായി കൈവിട്ട അവസ്ഥയിലായിരുന്നു ഡൽഹി .പത്തൊമ്പതാം ഓവർ എറിഞ്ഞ പ്രസീദ് കൃഷ്ണ ഒരു റൺ പോലും വിട്ടു കൊടുക്കാതെ ഡൽഹിയെ വരിഞ്ഞുമുറുക്കി .പിന്നീടാണ് സംഭവബഹുലമായ അവസാന ഓവർ .അവസാന ഓവറിലെ നാടകങ്ങൾക്ക് ശേഷം വിജയം വരിച്ച രാജസ്ഥാൻ, ടൂർണമെൻറ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു

Leave a comment