ബാംഗ്ലൂരിനെ കൊള്ളയടിച്ച് റോബിൻഹുഡ് ശിവതാണ്ഡവമാടി ദുബെ
ഇരുപത്തിരണ്ടാം ഐപിഎൽ മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് തൊട്ടതെല്ലാം പിഴക്കുന്നതാണ് കാണാൻ കഴിഞ്ഞത്.വിശ്വസ്തനായ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദും മൊയിൻ അലിയും വീണ ശേഷം ക്രീസിലെത്തിയ ദുബെ, റോബിൻ ഉത്തപ്പക്ക് ഉറച്ച പിന്തുണയാണ് നൽകിയത്.കളി പതിനാലാം ഓവർ കഴിഞ്ഞതോടുകൂടി ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു.ഇരുവശത്തുനിന്നും സംഹാര താണ്ഡവമാടിയ ചെന്നൈ ബാറ്റർമാർ ബാംഗ്ലൂർ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചു ഓടിക്കുന്ന കാഴ്ച ചെന്നൈ ആരാധകരെ ആനന്ദ ലബ്ധിയിലാഴ്ത്തി.തുടക്കത്തിൽ ഉത്തപ്പ ആണ് ആക്രമണകാരി എങ്കിൽ പിന്നീട് ദുബെ തന്റെ തനിനിറം പുറത്തെടുക്കുകയായിരുന്നു.ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല എന്നതിൻറെ കണക്ക് തീർക്കുന്ന രീതിയിലാണ് ചെന്നൈ ബാറ്റർമാർ ബാറ്റേന്തിയത്.ബാംഗ്ലൂർ ബൗളർമാരിൽ ഏറെ മർദ്ദനം ഏറ്റുവാങ്ങിയത് ആകാശ ദീപ് ആണ്.4 ഓവറിൽ 58 റൺസ് ആണ് ആകാശദീപ് വഴങ്ങിയത്.217 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനു തുടക്കത്തിൽത്തന്നെ പ്രഹരമേറ്റു.ചെന്നൈയുടെ കണിശതയാർന്ന ബൗളിങ്ങിനു മുന്നിൽ തകർന്ന ബാംഗ്ലൂർ ഒരുഘട്ടത്തിൽ 50/4 എന്ന നിലയിലായി.അവിടെനിന്നും ബാംഗ്ലൂരിനെ മുന്നോട്ടു നയിച്ചത് ഷഹബാസ് അഹമ്മദിന്റെയും സുയാഷ് പ്രഭുദേശായുടെയും സെൻസിബിൾ ഇന്നിംഗസുകളാണ്.വെറ്ററൻ താരം ദിനേശ് കാർത്തിക് നടത്തിയ കടന്നാക്രമണം ഒരുഘട്ടത്തിൽ ചെന്നൈ പാളയത്തിൽ ആശങ്ക പടർത്തി എങ്കിലും കാർത്തിക് വീണതോടുകൂടി ചെന്നൈ വിജയം ഉറപ്പിച്ചു. നിശ്ചിത 20 ഓവറിൽ 193 റൺസ് ആണ് ആർസിബി സ്കോർ ചെയ്തത്.23 റൺസ് വിജയത്തോടുകൂടി ചെന്നൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം ഉറപ്പിച്ചു. ശിവ താണ്ഡവമാടിയ ദുബെയാണ് കളിയിലെ താരം