ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റുവേട്ടക്കാരൻ ഇനി ഡ്വെയ്ൻ ബ്രാവോ, മറികടന്നത് മലിംഗയെ
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടുന്ന താരമെന്ന ബഹുമതി ഇനി ഡ്വെയ്ൻ ബ്രാവോയുടെ പേരിൽ അറിയപ്പെടും. ശ്രീലങ്കയുടെയും മുംബൈ ഇന്ത്യൻസിന്റെയും മുൻ താരം ലസിത് മലിംഗയെ മറികടന്നാണ് ബ്രാവോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ബ്രാവോ ഈ നേട്ടം കൈവരിച്ചത്. 170 വിക്കറ്റ് വീതം വീഴ്ത്തി മലിംഗയ്‌ക്കൊപ്പം നിലയുറപ്പിച്ച ബ്രാവോ ദീപക് ഹൂഡയെ പുറത്താക്കി ഐപിഎല്ലിൽ തന്റെ 171-ാം വിക്കറ്റ് നേടിയാണ് റെക്കോർഡ് തിരുത്തിക്കുറിച്ചത്.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സീസൺ ഓപ്പണറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ ഓൾറൗണ്ടർ മലിംഗയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളിംഗ് പരിശീലകനായ മലിംഗയുടെ ശരാശരി 19.79 ആണ്,. അതേസമയം ഐപിഎൽ ക്രിക്കറ്റിൽ ബ്രാവോയുടെ ശരാശരി 24 ആണ്. 2008-19 കാലഘട്ടത്തിൽ മുംബൈയ്ക്കു വേണ്ടി കളിച്ച മലിംഗ നാല് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്.