ചെന്നൈയെ നിലംപരിശാക്കി ലഖ്നൗവിന് ഐപിഎല്ലിലെ ആദ്യ ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയിന്റ്സിന്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സിഎസ്കെ ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം മൂന്നു പന്തു ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ടത്തിലാണ് കെഎൽ രാഹുലും സംഘവും മറികടന്നത്.
റോബിന് ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ചെന്നൈയുടെ തുടക്കത്തിന് അതേ നാണയത്തിലാണ് ലഖ്നൗ തിരിച്ചടിച്ചത്. ആദ്യ വിക്കറ്റിൽ നായകൻ രാഹുലും (40) ക്വിന്റൺ ഡി കോക്കും (61) കൂടി 99 റൺസാണ് ടീമിനായി അടിച്ചെടുത്തത്. ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷമെത്തിയ മനീഷ് പാണ്ഡെയ്ക്കും അധിക നേരം പിടിച്ചു നിൽക്കാനായില്ല.
139-3 എന്ന നിലയിൽ പതറിയ ലഖ്നൗവിനെ എവിൻ ലൂയിസാണ് തകർത്തടിച്ച് വിജയത്തിലേക്ക് എത്തിച്ചത്. വിൻഡീസ് താരം 23 പന്തിൽ നിന്നും 55 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒപ്പം ആയുഷ് ബഡോനി 9 പന്തിൽ 19 റൺസെടുത്തതോടെ നോക്കി നിൽക്കാനെ ചെന്നൈയ്ക്ക് സാധിച്ചുള്ളൂ. 19-ാം ഓവർ എറിഞ്ഞ ശിവം ദുബെയുടെ ഓവറിൽ 25 റൺസ് അടിച്ചെടുത്തതാണ് കളിയിൽ വഴിത്തിരിവായത്.