സഞ്ജുവും പടിക്കലും തിളങ്ങി, രാജസ്ഥാനെതിരെ ഹൈദരാബാദിന് 211 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 211 റൺസിന്റെ വിജലക്ഷ്യം മുന്നോട്ടുവെച്ച് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണും കൂട്ടരും തുടക്കം മുതൽ ആഞ്ഞടിക്കുകയായിരുന്നു. പവര്‍ പ്ലേ മുതലാക്കി ബാറ്റുവീശിയ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും റോയൽസിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. 20 റൺസെടുത്ത ഇന്ത്യൻ യുവതാരത്തെ ഉമ്രാൻ മാലിക്കാണ് പുറത്താക്കിയത്. എന്നാൽ പിന്നാലെയെത്തിയ നായകൻ സഞ്ജുവും ടോപ്പ് ഗിയറിലാണ് മുന്നോട്ടു നീങ്ങിയത്.
എട്ടാം ഓവറിൽ 35 റൺസെടുത്ത ബട്ലറും മടങ്ങിയെങ്കിലും ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് സഞ്ജു സ്കോർ അതിവേഗം ചലിപ്പിച്ചു. പതിനൊന്നാം ഓവറില്‍ 100 കടന്ന രാജസ്ഥാന് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറെയും ഉമ്രാന് മാലിക്കിനെയും ടി നടരാജനെയും മധ്യ ഓവറുകളില്‍ നിലംതൊടിയിക്കാതെ പായിക്കുകയായിരുന്നു.
29 പന്തില്‍ 41 റൺസെടുത്ത പടിക്കലിനെ പതിനഞ്ചാം ഓവറിൽ പുറത്തായി. തുടര്‍ച്ചയായ രണ്ട് സിക്സുകളുമായി 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു പതിനാറാം ഓവറില്‍ ഭുവനേശ്വര്‍ കുമാറും പുറത്താക്കി. പിന്നാലെ എത്തിയവരും മികച്ച രീതിയിൽ ബാറ്റുവീശി. ഹെറ്റ്മെയറും (32) പരാഗും ചേർന്നാണ് രാജസ്ഥാനെ 210-ല്‍ എത്തിച്ചത്
ഹൈദരാബാദിനായി ഉമ്രാന് മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.