ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 159 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 159 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് വാലറ്റക്കാരുടെ മിന്നും പ്രകടനമാണ് മാന്യമായ സ്കോർ സമ്മാനിച്ചത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് ഞെട്ടിക്കുന്ന തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ അപകടകാരിയായ നായകന്‍ കെ.എല്‍.രാഹുലിനെ മടക്കി മുഹമ്മദ് ഷമി ഗുജറാത്തിന് സ്വപ്‌നസമാനമായ തുടക്കം സമ്മാനിച്ചു. പിന്നീട് എത്തിയവരെല്ലാം അതിവേഗം മടങ്ങിയപ്പോൾ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ലഖ്‌നൗ വീണു.
എന്നാൽ അവിടുന്ന് ഒരുമിച്ച യുവതാരം ആയുഷ് ബഡോനിയുടെയും ദീപക് ഹൂഡയുമാണ് മാന്യമായ സ്കോറിലേക്ക് ടീമിനെ എത്തിച്ചതിൽ നിർണായകമായത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 87 റണ്‍സാണ് അടിച്ചെടുത്തത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി. 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹൂഡയെ പുറത്താക്കി റാഷിദ് ഖാന്‍ ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകി.
എന്നാൽ പിന്നീടെത്തിയ ക്രുനാല്‍ പാണ്ഡ്യയും ആഞ്ഞടിച്ചതോടെ സ്കോർ അതിവേഗം മുന്നോട്ടു നീങ്ങി. ക്രുനാൽ തുകളില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നുവിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.