Cricket IPL IPL-Team Top News

ആഞ്ഞടിച്ച് വിജയം സ്വന്തമാക്കി പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സിന് തോൽവി

March 27, 2022

author:

ആഞ്ഞടിച്ച് വിജയം സ്വന്തമാക്കി പഞ്ചാബ്, റോയൽ ചലഞ്ചേഴ്‌സിന് തോൽവി

ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ആർസിബി ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ആറു ബോൾ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്‌ടത്തിലാണ് കിടിലൻ ജയം സ്വന്തമാക്കിയത്.

നേരത്തെ നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് നായകൻ ഫാഫ് ഡു പ്ലെസിസിന്റെയും (88) മുൻ നായകൻ വിരാട്‌ കോലിയുടെയും (41) ദിനേശ് കാർത്തിക്കിന്റെയും (32)  തട്ടുപൊളിപ്പൻ ബാറ്റിംഗ് മികവിലാണ് 205 റൺസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ശിഖർ ധവാനും (43) നായകൻ മായങ്ക് അഗർവാളും (32) ചേർന്ന് സ്വപ്‌ന തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് ഏഴോവറിൽ 71 റൺസാണ് അടിച്ചെടുത്തത്. ബാറ്റു ചെയ്യാൻ എത്തിയവരെല്ലാം റൺസടിച്ചെടുക്കാൻ ഒരു മടിയും കാണിക്കാതിരുന്നതോടെ പഞ്ചാബ് വിജയത്തിലേക്ക് കുതിച്ചു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഒന്നു പതറിയെങ്കിലും ഒഡിയാൻ സ്‌മിത്തും (8 ബോളിൽ 25 റൺസ്) ഷാരൂഖ് ഖാനും (24) ചേർന്ന് പഞ്ചാബിനെ അനായസം വിജയിപ്പിക്കുകയായിരുന്നു.

പഞ്ചാബിനായി 22 പന്തിൽ 43 റൺസെടുത്ത ഭാനുക രാജപക്‌സെയും 10 പന്തിൽ 19 റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റോണും വിജയത്തിൽ നിർണായക പങ്കാണ്‌വഹിച്ചത്. നാല് ഓവർ എറിഞ്ഞ ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് 59 റൺസ് വഴങ്ങിയതാണ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സിന് വിനയായത്. സിറാജ് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ആകാശ് ദീപും വാനിന്ദു ഹസരങ്കയും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് നേടി.

Leave a comment