റിയൽ ആർസിബി! വന്നവരെല്ലാം തകർത്തടിച്ചു പഞ്ചാബിന് 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നായകൻ ഫാഫ് ഡു പ്ലെസിസിന്റെയും മുൻ നായകൻ വിരാട് കോലിയുടെയും ദിനേശ് കാർത്തിക്കിന്റെും ബാറ്റിംഗ് മികവിൽ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ നിശ്ചിത 20 ഓവറിൽ റൺസ് 205 നേടുകയായിരുന്നു.
നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് അനുജ് റാവത്തും ഡു പ്ലെസിയും ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസാണ് അടിച്ചുകൂട്ടിയത്. 21 റൺസെടുത്ത റാവത്തിനെ പുറത്താക്കി രാഹുല്‍ ചാഹർ ബ്രേക്ക് ത്രൂ നൽകിയെങ്കിലും പിന്നാലെ എത്തിയ വിരാട് കോലിയും ഗംഭീര ഫോമിലാണ് ബാറ്റുവീശിയത്.
വിരാട് കോലി 29 പന്തിൽ 41 റൺസ് നേടിയപ്പോൾ ദിനേശ് കാർത്തിക് 14 പന്തിൽ നിന്നും 32 റൺസാണ് അടിച്ചുകൂട്ടിയത്. അതേസമയം 57 പന്ത് നേരിട്ട ഫാഫ് ഡു പ്ലെസിസ് 88 റൺസെടുത്താണ് മടങ്ങിയത്. പഞ്ചാബ് കിംഗ്‌സിനായി അർഷപ് സിങ് 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് എടുത്തപ്പോൾ നാലോവറിൽ 22 റൺസ് വഴങ്ങി രാഹുൽ ചാഹറും ഒരു വിക്കറ്റ് വീഴ്‌ത്തി.