മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ വിജയം
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 10 ബോൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഡിസി മറികടന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്. 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന് കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 റൺസെടുത്ത് തിളങ്ങിയതും ഇന്നിംഗ്സിന് ബലമായി. ഡൽഹിക്കായി കുൽദീപ് യാദവ് 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോൾ ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി ടിം സീഫെർട്ടും പൃഥ്വി ഷായും കൂടി തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ 14 ബോളിൽ 21 റൺസെടുത്ത ന്യൂസിലൻഡ് താരം പുറത്തായതോടെ ഡൽഹി ക്യാപിറ്റൽസിന്റെ നില പരുങ്ങലിലായി. പിന്നീടെത്തിയ മന്ദീപ് സിങ്, റിഷഭ് പന്ത് എന്നിവർ അതിവേഗം മടങ്ങിയതോടെ 32-3 എന്ന നിലയിലേക്ക് ടീം പരുങ്ങി. എന്നാൽ അവിടുന്ന് ഷായും ലളിത് യാദവും പയ്യെ ക്യാപിറ്റൽസിനെ മുന്നോട്ടു നയിച്ചു. എന്നാൽ പൃഥ്വിയെയും റോവ്മൻ പവലിനെയും ബേസിൽ തമ്പി മടക്കി മുംബൈക്ക് പ്രതീക്ഷ നൽകി.
എന്നാൽ പിന്നീടെത്തിയ ഷർദൂൽ താക്കൂർ ലളിത് യാദവിനെയും കൂട്ടുപിടിച്ച് അതിവേഗം മുന്നോട്ടു നീങ്ങി. 22 റൺസെടുത്ത താക്കൂറിന്റെ വിക്കറ്റ് എടുത്തതോടെ ബേസിൽ തമ്പി പിന്നെയും ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലെത്തിയ അക്സർ പട്ടേലിന്റെ 17 ബോളിൽ 38 റൺസെടുത്ത പ്രകടനം ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.