വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി ടോട്ടനം ടോപ്പ് ഫോറിലേക്ക് അടുത്തു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി ടോട്ടനം ഹോട്‌സ്‌പർ ടോപ്പ് ഫോറിലേക്ക് അടുത്തു. ലണ്ടൻ ഡർബിയിൽ ഹാമേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അന്റോണിയോ കോന്റെയുടെ ടീം തകർത്തെറിഞ്ഞത്.
ഇന്നലെത്തെ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തി. തോൽവിയോടെ ഏഴാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ഇതോടെ മങ്ങിയെന്നും പറയാം. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ കുർട്ട് സൂമയുടെ സെൽഫ് ഗോളിൽ ടോട്ടനം മുന്നിലെത്തി. പിന്നീട് 24-ാം മിനിറ്റൽ സോൺ ഹ്യൂങ്-മിനിലൂടെ സ്‌പർസ് ലീഡ് രണ്ടായി ഉയർത്തി.
എന്നാൽ 35-ാം മിനിറ്റിൽ സെയ്ദ് ബെൻറാഹ്മ വെസ്റ്റ് ഹാമിനായി ഒരു ഗോൾ മടക്കി. അങ്ങനെ ആദ്യ പകുതി 2-1ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ടോട്ടനത്തിന്റെ ആക്രമണങ്ങളാണ് കാണാനായത്. എന്നാൽ പ്രത്യാക്രമണങ്ങളുമായി വെസ്റ്റ് ഹാമും കളംനിറഞ്ഞു. മത്സരത്തിൽ 88-ാമത്തെ മിനിറ്റിൽ ഹാരി കെയിന്റെ ഹെഡർ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ ടോട്ടനത്തിന് വിജയം സമ്മാനിക്കുകയും ചെയ്‌തു.
ജയത്തോടെ നിലവിൽ നാലാമതുള്ള ആഴ്‌സണലിനെക്കാൾ മൂന്നു പോയിന്റ് പിന്നിൽ മാത്രമാണ് ടോട്ടനം. എന്നാൽ ഗണ്ണേഴ്‌സ് ഒരു കളി കുറവാണ് കളിച്ചിരിക്കുന്നത്. നിലവിൽ ലീഗിൽ ആഴ്‌സണലാണ് ഗംഭീര ഫോമിൽ മുന്നേറുന്നത്. അതിനാൽ ആദ്യ നാലിൽ എത്താൻ മിക്കൽ അർറ്റേട്ടയുടെ ടീമിനാണ് സാധ്യത കൂടുതൽ.






































