ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ മുക്കി എഫ്‌സി ബാഴ്‌സലോണ
എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ മുക്കി എഫ്‌സി ബാഴ്‌സലോണ. ചിരവൈരികളെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കാറ്റാലൻ ക്ലബ് തകർത്തെറിഞ്ഞത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെൻസിമയില്ലാതെയിറങ്ങിയ റയലിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.
സ്വന്തം കാണികൾക്കു മുന്നിൽ ഇത്രയും വലിയ പരാജയം ടീം ഒട്ടും പ്രതീക്ഷിച്ചിരുന്നുമില്ല. ഇരട്ട ഗോളുകളുമായി തിളങ്ങിയ പിയറി-എമെറിക്ക് ഒബിമിയാങാണ് മത്സരത്തിലെ താരം. കളിയിൽ പന്തടക്കത്തിലും പാസിംഗിംലും ഷോട്ടുകൾ തുടുക്കുന്നതിലും ബാഴ്‌സയുടെ സമ്പൂർണ ആതിപത്യമായിരുന്നു കാണാനായത്.
29-ാം മിനുറ്റില്‍ ഒബമയാങ് റയലിന് ആദ്യ അടി കൊടുത്തു. 38-ാം മിനിറ്റില്‍ റൊണാള്‍ഡ് അറഹോയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ തന്നെ ബാഴ്‌സ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. രണ്ടാംപകുതി തുടങ്ങി രണ്ടു മിനിറ്റുകൾക്കകം വല കുലുക്കി ഫെരാന്‍ ടോറസ് ചാവിയുടെ ടീമിന് മൂന്നാം ഗോളും സമ്മാനിച്ചു. ഇതെല്ലാം കണ്ടുനിൽക്കാനല്ലാതെ ഒന്നും തന്നെ ചെയ്യാൻ പരിശീലകൾ കാർലോ അഞ്ചലോട്ടിക്കും സംഘത്തിനുമായില്ല. 52-ാം മിനിറ്റില്‍ ഒബമയാങ്ങും ഗോളടിച്ചതോടെ മാഡ്രിഡിന്റെ പതനം പൂർത്തിയായി.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. തോറ്റെങ്കിലും റയലിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. 29 മത്സരങ്ങളില്‍ 66 പോയിന്‍റുമായി റയലാണ് ഏറെ മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയ്‌ക്ക് 57 പോയിന്‍റുകളാണുള്ളത്.






































