ദേശീയ ടീമിലേക്ക് എറിക‌്സനെ തിരിച്ചുവിളിച്ച് ഡെന്മാർക്ക്
യൂറോ കപ്പ് ഫുട്‌ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്‌സൺ നീണ്ട ഇടവേളയ്ക്ക് ശേഷം സജീവ ഫുട്ബോളിലേക്ക് അടുത്തിടെ തിരികെയെത്തിയിരുന്നു. പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനു വേണ്ടി കളിക്കുന്ന താരത്തെ ഇപ്പോൾ ഡെന്മാർക്ക് ദേശീയ ടീമിലേക്ക് തിരികെവിളിച്ചിരിക്കുകയാണ്.
2021 ജൂൺ 12-ന് കോപ്പൻഹേഗനിൽ ഫിൻലൻഡുമായി നടക്കുന്ന മത്സരത്തിനുള്ള ഡെന്മാർക്ക് ടീമിലേക്കാണ് എറിക്‌സൺ ദേശീയ കുപ്പായത്തിൽ തിരിച്ചെത്തുന്നത്. 2022 ഫെബ്രുവരി 26-ന് ന്യൂകാസിലിനെതിരെ പകരക്കാരനായാണ് വീണ്ടും മൈതാനത്തേക്ക് പന്തുതട്ടാൻ താരം എത്തിയത്. തുടർന്ന് മാർച്ച് അഞ്ചിന് നോർവിച്ചുമായായിരുന്നു ആദ്യ തുടക്കം.
പിന്നീട് ബ്രെൻഡ്ഫോർഡിന്റെ ബേൺലിക്കെതിരായ മത്സരത്തിൽ 90 മിനിറ്റും കളിക്കാനും എറിക്‌സണിന് സാധിച്ചു. ഫിൻലൻഡിനു പുറമെ നെതർലാൻഡ്‌സിനും സെർബിയയ്‌ക്കുമെതിരെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിലും എറിക്‌സനെ നിലനിർത്താൻ ടീം തയാറായേക്കും.






































