ബ്രൈറ്റനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ. ചാമ്പ്യൻസ് ലീഗിൽ സ്വന്തം കാണികൾക്കു മുന്നിൽ ചെമ്പട തോൽവി രുചിച്ചതിന്റെ ക്ഷീണം ലീഗിൽ തീർക്കുന്നതിനാണ് ഇന്നു കാണികൾ സാക്ഷ്യംവഹിച്ചത്.
മത്സരം ആരംഭിച്ച് 20 മിനിറ്റിനുള്ളിൽ തന്നെ ലിവർപൂൾ 1-0ന് മുന്നിലെത്തി. ജോയൽ മാറ്റിപ്പിന്റെ ഉജ്ജ്വലമായ പാസിൽ ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ടീമിലെത്തിയ ലൂയിസ് ഡയസാണ് വലകുലുക്കിയത്. ലീഡ് നേടിയതോടെ കളിയുടെ കൂടുതൽ നിയന്ത്രണം ലിവർപൂൾ ഏറ്റെടുത്തു. ഡയസ്, മാനെ, സലാ എന്നിവരുടെ കോമ്പിനേഷൻ പ്ലേയ്‌ക്കൊപ്പം ജോർദാൻ ഹെൻഡേഴ്‌സന്റെ സാന്നിധ്യവും ബ്രൈറ്റന് തലവേദനയായി.
ആദ്യ പകുതി അങ്ങനെ അവസാനിച്ചപ്പോൾ ഗ്രഹാം പോട്ടർ ഹാഫ് ടൈമിൽ പഴയ ലിവർപൂൾ താരമായ ലല്ലാനയെ പകരക്കാനായി കളത്തിലേക്ക് ഇറക്കി. എന്നാൽ ഏഴ് മിനിറ്റിന് ശേഷം താരം പരിക്കുമൂലം പുറത്തായതും ബ്രൈറ്റന് തിരിച്ചടിയായി. പിന്നീട് 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മുഹമ്മദ് സലാ ലിവർപൂളിനെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിക്കുകയും ചെയ്‌തു. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അകലം മൂന്നു പോയിന്റായി കുറയ്ക്കാനും ക്ലോപ്പിനും സംഘത്തിനുമായി.






































